കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് ശല്യം ചെയ്താൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കർശന നിർദ്ദേശവുമായി മന്ത്രി
കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കുകയോ ജീവനക്കാരോട് തർക്കിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരുമായി ബസ് നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാൻ കണ്ടക്ടർമാർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യപിച്ച് യാത്ര ചെയ്യുന്നതിന് തടസ്സമില്ല, എന്നാൽ സഹയാത്രികരെ, പ്രത്യേകിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുക, മറ്റുള്ളവരുടെ ശരീരത്തിൽ കിടന്നുറങ്ങുക, കണ്ടക്ടർമാരെ അധിക്ഷേപിക്കുക തുടങ്ങിയ പ്രവൃത്തികൾ അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കണ്ടക്ടർക്ക് ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാം.
ഊബർ, ഓല കമ്പനികൾക്ക് കേരളത്തിൽ നിയമപരമായ അംഗീകാരമില്ല
ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികൾ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (എസ്ടിഎ) രജിസ്റ്റർ ചെയ്യാത്തതിനാൽ അവയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര നിയമപ്രകാരം ഈ കമ്പനികൾക്ക് ലൈസൻസ് ആവശ്യമാണ്. ഇതിനായി വർധിപ്പിച്ച ഫീസ് അടച്ച് അവർ അപേക്ഷ നൽകുന്നതുവരെ പ്രവർത്തനം ക്രമവിരുദ്ധമായി തുടരും. ഡ്രൈവർമാർ വാഹനങ്ങളുടെ ഇൻഷുറൻസ്, ടാക്സ്, രജിസ്‌ട്രേഷൻ തുടങ്ങിയ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്തിരിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
