കൽപ്പറ്റ: യു ഡി എഫിനെതിരെ പച്ചക്കള്ളങ്ങൾ നിരത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള എൽ ഡി എഫ് നീക്കത്തിന് പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് , മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു ഡി എഫിന് മദ്യവും പണവുമൊഴുക്കി വോട്ടുപിടിക്കേണ്ട ആവശ്യമില്ല. എൽ ഡി എഫിന്റെ ഇത്തരത്തിലുള്ള പ്രസ്താവന വയനാട്ടിലെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ കാത്തിരിക്കുന്നത് കനത്ത പരാജയമായിരിക്കും.
വയനാട്ടിൽ സി പി എമ്മിനും എൽ ഡി എഫിനും ബ്രഹ്മഗിരിപ്പേടിയാണ്. ബ്രഹ്മഗിരി സൊസൈറ്റിയിൽ നടന്ന ബ്രാഹ്മാണ്ഡതട്ടിപ്പിനിരയായ നിക്ഷേപകർ തന്നെ നേരിട്ട് ഇടതുമുന്നണിക്കെതിരെ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സി പി എം, ഇടതു അനുകൂലികളായ നിക്ഷേപകരെ വഞ്ചിച്ച പാർട്ടിക്കും, മുന്നണിക്കും എതിരായ ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറും. തൊണ്ടർനാട് പഞ്ചായത്തിൽ ഇടതുമുന്നണിയുടെ ഭരണസമിതിയുടെ ഒത്താശയോടെ നടന്ന തൊഴിലുറപ്പ് പദ്ധതിയാണ് മറ്റൊന്ന്. പ്രസ്തുത കേസിൽ പിടിയിലായവർ സി പി എമ്മിന്റെ പിൻവാതിൽ നിയമനത്തിലൂടെ കയറിപ്പറ്റിയവരാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ പോലും തട്ടിപ്പ് നടത്തിയ സി പി എമ്മിനും എൽ ഡി എഫിനും തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകും.
വയനാടിന്റെ സ്വപ്നപദ്ധതികൾ ഒന്നൊന്നായി അട്ടിമറിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. വയനാട് ഗവ. മെഡിക്കൽ കോളജെന്ന സ്വപ്നപദ്ധതിയെ തകർത്ത സർക്കാരാണിത്. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയെങ്കിലും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഈ സർക്കാരിന് സാധിച്ചില്ല. അത്യാസന്ന നിലയിലെത്തുന്ന രോഗികൾ ഒരു മെഡിക്കൽ കോളജിൽ നിന്നും മറ്റൊരു മെഡിക്കൽ കോളജിലേക്ക് ഓടേണ്ട അവസ്ഥയാണുള്ളത്. ഭരണത്തിലേറിയിട്ട് ഒമ്പതര വർഷമായിട്ടും ചുരംബദൽപാത ഇന്നും പ്രാവർത്തികമായിട്ടില്ല. പ്രഖ്യാപനങ്ങൾ നടത്തുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സർക്കാർ നടപടികളുടെ കാര്യത്തിൽ ഏറെ പിന്നിലാണെന്നും ഇരുവരും കുറ്റപ്പെടുത്തി. വയനാട്-നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത വയനാടിന്റെ സ്വപ്നമായിരുന്നു. എന്നാൽ മറ്റൊരു പാതക്ക് വേണ്ടി ഏറെ മുന്നോട്ടുപോകുമായിരുന്ന ഈ പദ്ധതി സർക്കാർ അട്ടിമറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് പാക്കേജ് ജനങ്ങളെ പറ്റിക്കാനുള്ള പ്രഖ്യാപനം മാത്രമായി ഒതുങ്ങി. വയനാടിന്റെ കാർഷികമേഖല സമാനതകളില്ലാതെ പ്രതിസന്ധിയിൽ തുടരുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായപദ്ധതികളും ഉണ്ടാകുന്നില്ല.
വയനാടിന്റെ അഭിമാനമായ ഗോത്രമേഖലയെ ഈ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. യു ഡി എഫ് സർക്കാർ ഗോത്രജനവിഭാഗത്തിനായി നടപ്പിലാക്കിയ നിരവധി പദ്ധതികൾ പിണറായി സർക്കാർ ഇല്ലാതാക്കി. പട്ടികവർഗമന്ത്രിയുടെ സ്വന്തം പഞ്ചായത്തിൽ റോഡില്ലാത്തതിനാൽ രോഗിയായ വയോധികനെ ഉന്തുവണ്ടിയിലാണ് ചികിത്സക്ക് കൊണ്ടുപോകുന്നത്. വന്യമൃഗശല്യം പതിവായ അവിടെ ഗോത്രജനവിഭാഗങ്ങൾ അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിലാണ്. ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്തബാധിതർക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നിരന്തരമായി സമരം ചെയ്യേണ്ടി വന്നു. ദുരന്തം നടന്നിട്ട് ഒന്നരവർഷമായിട്ടും അന്തിമ ഗുണഭോക്തൃലിസ്റ്റ് പോലും പുറത്തിറക്കാൻ സാധിക്കാത്ത സർക്കാർ യഥാസമയം ചികിത്സാചിലവും വാടകയും നൽകിയില്ല. ദുരന്തബാധിതരായ വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസം പോലും ഈ സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ദുരന്തബാധിതർക്കായി ജനങ്ങൾ നൽകിയ 740 കോടി രൂപ ദുരിതാശ്വാസനിധിയിൽ കിടക്കുമ്പോൾ പോലും അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുമായി ഈ സർക്കാർ അവരെ തെരുവിലിറക്കിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
സംസ്ഥാനസർക്കാരിന്റെ നികുതി ഭീകരതക്ക് നടുവിലാണ് ഇന്ന് ജനം ജീവിക്കുന്നത്. ഇനി കൂട്ടാൻ ഒന്നും ബാക്കിയില്ല. വൈദ്യുതിചാർജ്ജ് മൂന്ന് തവണ കൂട്ടിയെങ്കിൽ കുടിവെള്ളത്തിനെയും ഈ സർക്കാർ വെറുതെ വിട്ടില്ല. കെട്ടിട പെർമിറ്റ് ചാർജ് ഉൾപ്പെടെ എന്തിനൊക്കെ കൂട്ടാനാവുമോ അതിനെല്ലാം വർധന വരുത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമല സ്വർണകൊള്ള ഉൾപ്പടെയുള്ള നിരവധിയായ അഴിമതികൾക്ക് സർക്കാരിന് മറുപടിയില്ല. ഇതിനെല്ലാമുള്ള മറുപടി തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജനകീയകോടതിയിൽ എൽ ഡി എഫിന് ചുട്ടമറുപടി ലഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
