
പുൽപ്പള്ളി : ബൈരക്കുപ്പയിൽ പാലം പണിയുന്നതിന് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇത് മരക്കടവിലേക്ക് മാറ്റി പുതിയ അലൈൻമെന്റ് തയ്യാറാക്കി പാലം പണിയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ രാഹുൽ ഗാന്ധി എംപിക്ക് നിവേദനം നൽകിയത്.
കേരള കർണാടക അതിർത്തിയായ ബൈരക്കുപ്പയിൽ കബനി നദിക്ക് കുറുകെ പാലം പണിയുന്നതിന് പ്രധാന തടസ്സം തുടർന്നുവരുന്ന റോഡ് വനത്തിലൂടെ കടന്നു പോകുന്നുവെന്നതായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ പാലം പണിയുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്തത്. എന്നാൽ ബൈരക്കുപ്പയിൽ നിന്നും 5 കിലോമീറ്റർ താഴെ മരക്കടവ് തോണിക്കടവിൽ പാലം പണിയുന്ന പക്ഷം ഈ പ്രശ്നത്തിന് തീർത്തും പരിഹാരമാകും. കബനി നദിക്ക് അക്കരെ കർണാടക അതിർത്തിയിലെ റവന്യൂ ഭൂമിയിലൂടെ മാത്രം കടന്നുപോകുന്നതും തീരദേശ റോഡിലേക്ക് കൂട്ടിമുട്ടുന്നതിനാൽ ഒരിഞ്ച് പോലും വനമേഖലയെ സ്പർശിക്കാതെ കടന്നു പോകാൻ സാധിക്കുന്നതുമാണ് ബദൽ അലൈൻമെന്റ്. സ്ഥിരമായി തടയണ നിർമ്മിക്കുന്ന മരക്കടവ് തോണിക്കടവിൽ താരതമ്യേന ആഴക്കുറവുള്ളതിനാലും, പാറക്കെട്ടുകൾ സമൃദ്ധമായി ഉള്ളതിനാലും ഏറ്റവും കുറഞ്ഞ ചിലവിൽ ഇവിടെ പാലം പണിയാൻ സാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരള അതിർത്തിയിൽ നിലവിൽ മരക്കടവ് വരെ നല്ല റോഡ് ഉള്ളതും കർണാടകയിലേക്ക് കടന്നാൽ റവന്യൂ ഭൂമിയിലൂടെ മാത്രം കടന്നുപോകുന്ന പഴയ ടാറിങ് ചെയ്ത തീരദേശ റോഡുമാണ് നിലവിലുള്ളത്.
ബൈരക്കുപ്പ പഞ്ചായത്തിലുള്ളവർ 40 കിലോമീറ്റർ യാത്ര ചെയ്ത് മാനന്തവാടിയിലോ, അതിലധികം ദൂരം സഞ്ചരിച്ച് എച്ച്.ഡി കോട്ടയിലോ എത്തിയാണ് നിലവിൽ തങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചു മടങ്ങുന്നത്. എന്നാൽ മരക്കടവിൽ പാലം യാഥാർഥ്യമാകുന്നതോടെ ബൈരക്കുപ്പ പഞ്ചായത്തിലെ ഗ്രാമവാസികൾക്ക് കേവലം 10 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ഏറ്റവും അടുത്തുള്ള ടൗണായ പുൽപ്പള്ളിയിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.
കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കർണാടക അതിർത്തിയിലെ കർഷകർക്ക് തങ്ങളുടെ കാർഷികോല്പന്നങ്ങൾ കേരളത്തിലേക്ക് വളരെ ചെലവ് കുറഞ്ഞ രീതിയിൽ കൊണ്ടുവരാനും, കേരളത്തിലെ നാണ്യവിളകൾ കർണാടകയിലുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ സ്വന്തമാക്കാനും ഇതുവഴി സാധിക്കും. കാർഷികോല്പന്നങ്ങളുടെ കൈമാറ്റത്തോടൊപ്പം രൂക്ഷമായ തൊഴിലാളിക്ഷാമം നേരിടുന്ന കേരളത്തിൽ കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ധാരാളം തൊഴിലും ലഭ്യമാക്കാനും സാധിക്കും. മരക്കടവ് ഭാഗത്ത് പാലം യാഥാർഥ്യമാകുന്നതോടെ ഏറ്റവും കുറഞ്ഞ ദൂരം യാത്ര ചെയ്തു മൈസൂരിൽ എത്തിച്ചേരാൻ ആളുകൾക്ക് സാധിക്കുമെന്നതും ശ്രദ്ധേയമാണ്.
ബത്തേരി രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് മാത്യു മത്തായി ആതിര, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എൻ. ഡി അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. പി. ഡി.സജി, ഫാ.സെബാസ്റ്റ്യൻ കീപ്പള്ളിൽ എന്നിവരുൾപ്പെട്ട സംഘമാണ് നിവേദനം നൽകിയത്
