മാനന്തവാടിയിൽ മത്സരിക്കാൻ സി കെ ജാനു?; തന്ത്രപരമായ നീക്കവുമായി വി.ഡി സതീശൻ

മാനന്തവാടിയിൽ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി കെ ജയലക്ഷ്മ‌ി ഇത്തവണയും മാനനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർഥിയാവുമെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാൽ സി കെ ജാനു എൻ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫിൽ അസോസിയേറ്റ് അംഗമായ സാഹചര്യത്തിൽ ഒരു സീറ്റ് അവർക്ക് നൽകേണ്ടതുണ്ട്. വയനാട്ടിൽ കഴിഞ്ഞ തവണ മാനന്തവാടി ഒഴികെയുള്ള സീറ്റുകളിൽ യൂ ഡി എഫിനായിരുന്നു വിജയം.

 

രാഹുൽ ഗാന്ധിയുടെ പ്രത്യേക പരിഗണനയിൽ സ്ഥാനാർഥിയായ പി കെ ജയലക്ഷ്മി ആദ്യടേമിൽ വിജയിക്കുകയും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാവുകയും ചെയ്‌തിരുന്നു. എന്നാൽ 2016 ലും 2021 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ മാനന്തവാടിയിൽ നിന്നും ജനവിധി തേടിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. സി പി ഐ എമ്മിലെ ഒ ആർ കേളുവിനോട് രണ്ടു ടേമിൽ പരാജയപ്പെട്ട പി കെ ജയലക്ഷ്മിയെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനോട് കോൺഗ്രസിലെ ഒരു വിഭാഗത്തിനും ഘടകകക്ഷിയായ ലീഗിനും വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് മാനന്തവാടി സി കെ ജാനുവിന് നൽകാനുള്ള നീക്കം ശക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് വിദഗ്‌ധർ സുനിൽ കനഗോലു കെ പി സി സിക്ക് നൽകിയ റിപ്പോർട്ടിലും പി കെ ജയലക്ഷ്മിക്ക് മാനന്തവാടിയിൽ വിജയസാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

 

ദേശീയതലത്തിൽ അറിയപ്പെടുന്ന ആദിവാസി നേതാവാണ് സി കെ ജാനു. സി കെ ജാനുവിനെ യു ഡി എഫ് ടിക്കറ്റിൽ മത്സരിപ്പിക്കുന്നത് ദേശീയതലത്തിൽ തന്നെ ചർച്ചയാവും. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിലെ പ്രധാന നിയമസഭാ സീറ്റായ മാനന്തവാടിയിൽ ആദിവാസി നേതാവിനെ സ്ഥാനാർഥിയാക്കുന്നത് കോൺഗ്രസിനും ഗുണം ചെയ്യും. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഘടകകക്ഷിയായിരുന്നു സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി. മുന്നണിയിൽ പരിഗണനകൾ ലഭിക്കുന്നില്ലെന്നാരോപിച്ച് 2025 ഒക്ടോബറിലാണ് ജാനു എൻഡിഎ ബന്ധം ഉപേക്ഷിച്ചത്.

 

സി കെ ജാനുവിന് മാനന്തവാടി സീറ്റ് നൽകാനുള്ള നീക്കത്തിൽ വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ എതിർപ്പുമായി രംഗത്തുണ്ട്. എന്നാൽ കെ പി സി സി നേതൃത്വം നേരിട്ടാണ് സി കെ ജാനുവുമായുള്ള ചർച്ചകൾക്ക് മുൻകൈയെടുക്കുന്നത്. മാനന്തവാടിയിൽ ജയിക്കാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യമാണെന്നാണ് സി.കെ ജാനു യുഡിഎഫ് നേതൃത്വത്തെ അറിയിച്ചത്.

 

സി കെ ജാനുവുമായി നല്ല ബന്ധത്തിലല്ലാത്ത കോൺഗ്രസിന്റെ ചില ജില്ലാ നേതാക്കളാണ് നിലവിൽ എതിർപ്പുമായി രംഗത്തുള്ളത്. ബത്തേരി എം എൽ എയും കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവുമായ ഐ സി ബാലകൃഷ്ണനും ജാനുവിന് മാനന്തവാടി സീറ്റു നൽകുന്നതിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് കെ പി സി സി യെ സമീപിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

 

മുത്തങ്ങ ഭൂസമരുവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സി കെ ജാനു-കോൺഗ്രസ് വൈത്തിന് പ്രധാന കാരണം. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു വയനാട്ടിലെ മുത്തങ്ങയിൽ ഭൂസമരം നടന്നത്. 2023 ഫെബ്രുവരി 19 ന് സമരഭൂമിയായ മുത്തങ്ങയിൽ പൊലീസ് വെടിവെപ്പുണ്ടായി. ജോഗിയെന്ന ആദിവാസി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സി കെ ജാനു പൊലീസ് മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിലുമായി.

 

ആദിവാസി ഭൂസമരം പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നായിരുന്നു ഗോത്രമഹാസഭാ നേതാക്കളായ സി കെ ജാനുവും എം ഗീതാനന്ദനും ആരോപിച്ചിരുന്നത്. സർക്കാർ പിന്നീട് ആദിവാസി ഭൂമി പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും കോൺഗ്രസും ഗോത്രമഹാസഭയും തമ്മിലുള്ള അകൽച്ച തുടർന്നു.

 

മുത്തങ്ങഭൂസമരം 23 വർഷങ്ങൾ പിന്നിടുമ്പോൾ ഗോത്രമഹാസഭയുടെ നേതാവായ സി കെ ജാനു യു ഡി എഫിനൊപ്പം തിരഞ്ഞെടുപ്പ് ഗോഥയിലാണ്. ജാനുവിനെ മാനന്തവാടിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചാൽ അത് ചരിത്രപരമായുള്ള ബാധ്യത നിറവേറ്റൽ കൂടിയായി മാറും.

 

സംവരണ സീറ്റായ മാനന്തവാടിയിൽ ആദിവാസി വിഭാഗങ്ങൾ പല തട്ടുകളിലാണെന്നും സി കെ ജാനുവിന് പ്രതീക്ഷിക്കുന്ന പിന്തുണ ആദിവാസി, ദലിത് വിഭാഗത്തിൽ നിന്നും ലഭിക്കില്ലെന്നാണ് കോൺഗ്രസിലെ ഒരു വിബാഗം നേതാക്കളുടെ ആരോപണം. സി കെ ജാനുവിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമാക്കാനുള്ള ആലോചനകൾ ആരംഭിച്ച കാലത്തുതന്നെ മാനന്തവാടി സീറ്റിൽ തർക്കം വരുമെന്ന് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതകളെല്ലാം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളിലാണ് കെപിസിസി നേതൃത്വം. മാനന്തവാടി സീറ്റിൽ സി കെ ജാനുവിനെ യു ഡി എഫ് മത്സരിപ്പിക്കുമോയെന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *