കല്‍പ്പറ്റ: സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘നിര്‍ഭയ നിശ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ നടത്തി. രാത്രി എട്ടിന് മണിയോടെ സിവില്‍ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ അദ്ധ്യക്ഷത വഹിക്കുകയും രാത്രി നടത്തം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന് ഐ.പി.എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എൻ.പി ഗീത വനിതാദിന സന്ദേശം നൽകി. സിവില്‍ സര്‍വീസ് സെലക്ഷന് കിട്ടിയ ഹൃദ്യ. എസ്. ബിജുവിനെ ആദരിച്ചു. കല്‍പ്പറ്റ എസ്.ഐ ശ്രീതു, സഖി വണ്‍സ്റ്റോപ്പ് സെന്ററിലെ ടി.പി. രഹ്നാസ്, ശ്രേയസ് ബത്തേരി ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍, ക്രൈം ബ്രാഞ്ച് എ.എസ്.ഐ ഇ.എസ്. സ്മിത, വനിതാ സെല്‍ എ.എസ്.ഐ പി.ജെ. ജാന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പി രാജേഷ്, കല്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.പി ദിനേശ്, ജില്ലാ സോഷ്യൽ പോലീസിങ് എ.ഡി.എൻ.ഒ കെ.എം ശശിധരൻ, വനിതാ സെൽ എ.എസ്.ഐ ജയ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഉദ്ഘാടന ശേഷം, കല്‍പ്പറ്റ പോസ്റ്റ് ഓഫിസ് വരെ കൂട്ട നടത്തവും അവിടെ വച്ച് അംഗൻവാടി പ്രവർത്തകരുടെ സംഘ നൃത്തവും മറ്റും നടന്നു. പോലീസ് സർവീസിൽ നിന്നും വിരമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരും ജില്ലയിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വനിതകളുമടക്കം നിരവധി പേർ പങ്കെടുത്തു. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് വരെ ഒറ്റപ്പെട്ടുപോകുന്നതോ യാത്രാബുദ്ധിമുട്ടുകള്‍ നേരിടുന്നതോ ആയ സ്ത്രീകള്‍ക്ക് എമര്‍ജന്‍സി ടോൾ ഫ്രീ നമ്പരായ 112 ൽ പോലീസ് സഹായത്തിനായി വിളിക്കാവുന്നതാണ്.
