കേരളം മാറ്റത്തിന് കൊതിക്കുന്നു; വരാനിരിക്കുന്നത് യു ഡി എഫ് തരംഗം: കെ സി വേണുഗോപാല്‍ എം പി

കല്‍പ്പറ്റ: സര്‍ക്കാരെന്ന നിലയില്‍ ജനങ്ങളെ എത്രമാത്രം വെറുപ്പിക്കാമെന്ന് തെളിയിച്ച പിണറായിഭരണത്തില്‍ നിന്നും കേരളം മാറ്റം കൊതിക്കുകയാണെന്നും, ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമായിരിക്കുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കല്‍പ്പറ്റയില്‍ നടന്ന യു ഡി എഫ് വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയും, യുവാക്കളെയും, കൃഷിക്കാരെയും, തൊഴിലാളികളെയും എന്നുവേണ്ട സര്‍വമേഖലകളിലുള്ളവരെയും പ്രതിസന്ധിയിലും പ്രയാസത്തിലുമാക്കിയ സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ തന്റെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയെ സ്ഥിരമായി വിമര്‍ശിക്കുകയാണ്. എന്നാല്‍ പത്തുവട്ടം രാഹുലിനെ വിമര്‍ശിക്കുമ്പോഴും ഒരു തവണ പോലും മോദിയെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല. മോദിയെ വിമര്‍ശിച്ചാല്‍ ഇ ഡി വരും കൈയ്യില്‍ പൂട്ടുവീഴുമെന്ന പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ കമ്മ്യൂണിസ്റ്റുകളായിരുന്നവര്‍ പോലും പാര്‍ട്ടി വിടുകയാണ്. കണ്ണൂരിലെ കോട്ടകള്‍ പോലും ഇളകിത്തുടങ്ങിയിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

2016 വരെയുള്ള അടുക്കളയല്ല ഇപ്പോഴുള്ളത്. നിത്യോപയോസാധനങ്ങളുടെ വന്‍വിലവര്‍ധവിനെ തുടര്‍ന്ന് സാധാരണക്കാരുടെ ജീവിതം പ്രയാസത്തിലാണ്. സപ്ലൈക്കോ ഔട്ട്‌ലറ്റുകളിലൂടെ ലഭിച്ചിരുന്ന ജനങ്ങള്‍ക്ക് അത്യാവശ്യമായ 13 സാധനങ്ങള്‍ യഥാസമയം ലഭ്യമല്ലെന്ന് മാത്രമല്ല, അതിനെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടതുഭരണത്തില്‍ സാധാരണക്കാരുടെ ജീവിതം തുലാസിലാടുകയാണെന്നും അദ്ദേഹം പറഞ്ഞു. പി എസ് സി പരീക്ഷയില്‍ ഒന്നാംറാങ്ക് വാങ്ങിയാലും ജോലിയില്ലാത്ത നാടായി കേരളം മാറി. പി എസ് സിക്ക് വിലയില്ലാത്ത സാഹചര്യമായി. എന്നാല്‍ സഖാക്കന്മാരുടെ ആളുകള്‍ യാതൊരുവിധ അര്‍ഹതയുമില്ലാതെ പിന്‍വാതിലിലൂടെ ജോലി നേടുകയാണ്. സ്ത്രീകള്‍ക്ക് ഏറ്റവുമധികം അംഗീകാരം നല്‍കുന്ന സര്‍ക്കാരായിരിക്കും യു ഡി എഫിന്റേത്. കെ എസ് ആര്‍ ടി ബസുകളില്‍ സൗജന്യ യാത്രയാണ് യു ഡി എഫ് മുന്നോട്ടുവെക്കുന്ന പ്രധാന ഗ്യാരണ്ടികളിലൊന്ന്. കര്‍ണാടകയിലും തെലുങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ നടപ്പിലാക്കിയതാണിത്. കൂടാതെ വിദ്യാര്‍ഥിനികള്‍ക്ക് ആയിരം രൂപ, മൂവായിരം രൂപ ക്ഷേമപെന്‍ഷന്‍, ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതി, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് എന്നിങ്ങനെ അഞ്ചുഗ്യാരണ്ടികളാണ് മുന്നോട്ടുവെക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ എവിടുന്നാണ് പണമെന്നാണ് ഇടതുമുന്നണി ചോദിക്കുന്നത്. മുഖ്യമന്ത്രിക്ക് പരസ്യം കൊടുക്കാന്‍ മുന്നൂറും നാനൂറും കോടി രൂപയാണ് ചിലവാക്കുന്നത്. ഇങ്ങനെ അനാവശ്യമായി ചിലവഴിക്കുന്ന പണമുണ്ടെങ്കില്‍ സാധാരണക്കാര്‍ക്കായി ചിലവഴിക്കാമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഒരു ജനപ്രതിനിധി എങ്ങനെയാവണമെന്ന് കാണിച്ചുകൊടുത്ത എം എല്‍ എയാണ് ടി സിദ്ദിഖ്. ഉരുള്‍ദുരന്തമുണ്ടായപ്പോള്‍ നാമെല്ലാം അത് കണ്ടതാണ്. ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ അദ്ദേഹം ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കി. ജനങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന ജനപ്രതിനിധിയാണ് സിദ്ദിഖ്. കാല്‍ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിദ്ധിഖ് വിജയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു..

വനിതാലീഗ് ജില്ലാപ്രസിഡന്റ് കെ ബി നസീമ അധ്യക്ഷയായിരുന്നു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ, അഡ്വ. ടി സിദ്ധിഖ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷാഫിയ, അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് സെക്രട്ടറി എസ്തര്‍, കര്‍ണാടക മഹിളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി കല്‍പ്പന, സലീം മേമന, പി പി ആലി, ചന്ദ്രികാകൃഷ്ണന്‍, മുഫീദ തസ്‌നി, ബിന്ദുജോസ്, കെ സി മൈമൂന, ഉഷാതമ്പി തുടങ്ങിയ നിരവധി നേതാക്കള്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *