അശ്രദ്ധയുടെ വേഗം ജീവന്‍ കവര്‍ന്നെടുക്കും, സുരക്ഷിത യാത്ര ശീലമാക്കൂ; നാലു മാസത്തിനിടെ ജില്ലയില്‍ 353 വാഹനാപകടങ്ങള്‍; പൊലിഞ്ഞത് 28 ജീവന്‍
വയനാട് ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ മാസം അവസാനം വരെ 353 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അപകടങ്ങളില്‍ 28 പേര്‍ മരണപ്പെട്ടു. 304 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 116 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
ജനുവരിയില്‍ മാത്രം 96 വാഹനാപകട കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറു പേര്‍ മരണപ്പെട്ടു. 82 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 25 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ഫെബ്രുവരി മാസത്തില്‍ 78 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു പേര്‍ മരിച്ചു. 65 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 26 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ചില്‍ 78 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 15 പേര്‍ മരണപ്പെട്ടു. 68 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 21 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ഏപ്രിലില്‍ 101 വാഹനാപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് പേര്‍ മരിച്ചു. 89 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 44 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
വാഹനപകടങ്ങള്‍ കുറക്കുന്നതിനായി എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണം
വാഹനാപകടങ്ങള്‍ കുറക്കുന്നതിനായുള്ള വയനാട് ജനമൈത്രി പോലീസിന്റെ ‘ശുഭയാത്രാ സുരക്ഷിത യാത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള പോലീസിന്റെ ബോധവല്‍ക്കരണ പരിപാടി ഊര്‍ജിതമായി നടക്കുന്നുണ്ട്. മധ്യവേനലവധികാലമായതിനാല്‍ നിരത്തുകളില്‍ തിരക്കേറുന്ന സമയമാണ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ജില്ലയില്‍ വാഹന പരിശോധന നടത്തുന്ന സമയത്ത് എല്ലാ ഡ്രൈവര്‍മാരെയും കാല്‍നടയാത്രക്കാരെയും പൊതുജനങ്ങളെയും ട്രാഫിക് നിയമങ്ങള്‍, ഡിഫന്‍സീവ് ഡ്രൈവിങ് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായി ബോധവല്‍ക്കരിച്ചു വരുന്നുണ്ട്. കൂടാതെ ഗതാഗത സുരക്ഷക്ക് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ ലഘുപുസ്തകവും വിതരണം ചെയ്തു വരുന്നു.
ശ്രദ്ധിക്കുക
– റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനമോടിക്കുക.
– മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം ചെയ്യുക.
– ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്തു വണ്ടി ഓടിക്കരുത്.
– വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ നിര്‍ത്തുന്നതിനോ അല്‍പം മുമ്പേ തന്നെ സിഗ്‌നല്‍ നല്‍കുക.
– പിറകില്‍ വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ച് അപകടമുണ്ടാവില്ലെന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യുക. -എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പോകുവാന്‍ ആവശ്യമായ വഴിയുള്ളിടത്തുമാത്രമേ ഓവര്‍ടേക്കിങ് നടക്കാവു. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ സാധിക്കാതിരിക്കുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത്.
– മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. – അപ്രതീക്ഷിതമായ അപകട സാധ്യത പോലും മുമ്പില്‍ കണ്ടുവേണം വാഹനമോടിക്കുവാന്‍.
– രാത്രിയില്‍ എതിര്‍വശത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഡിംലൈറ്റ് ചെയ്തു കൊടുക്കണം.
– റോഡിന്റെ മദ്ധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്.
– ട്രാഫിക് സിഗ്‌നലുകള്‍ അനുസരിക്കുക.
– സീബ്രാ ക്രോസിങ്ങുകളില്‍ കാത്തുനില്‍ക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക.
– തളര്‍ച്ചയുണ്ടെങ്കില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചശേഷം മാത്രം യാത്ര തുടരുക
