കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടിയില്‍ ചൊവ്വാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച പുത്തുമല കാഷ്മീര്‍ കുരിശിങ്കല്‍ ജസിയുടെ വീട്ടില്‍ കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് പിതാവ് കാഷ്മീരില്‍ എത്തിയത്. ജസിയുടെ ഭാര്യ ഷാജിയെയും മക്കളെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കുടുംബത്തിന് താത്കാലിക ആശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കി.
ജസിയുടെ കുടുംബത്തെ കോഴിക്കോട് അതിരൂപതയും മേപ്പാടി ഇടവകയും ചേര്‍ത്തുനിര്‍ത്തുമെന്നു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ആര്‍ച്ച് ബിഷപ് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യപിച്ച സമാശ്വാസധനത്തില്‍ കാലോചിതമായ വര്‍ധന വരുത്തണം.
വന്യമൃഗ ആക്രമണത്തില്‍ ആളുകള്‍ മരിക്കുമ്പോഴെല്ലാം സര്‍ക്കാരും വനം ഉദ്യോഗസ്ഥരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു പറയാറുണ്ട്. എന്നാല്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യര്‍ മരിക്കുന്നതിന് അറുതിയാകുന്നില്ല. ഈ സ്ഥിതി മാറണം. മതിയായ പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പുവരുത്തി ജനങ്ങളെ വന്യമൃഗ ആക്രമണങ്ങളില്‍നിന്നു രക്ഷിക്കണം. അവരുടെ സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും പിതാവ് പറഞ്ഞു.
ജസിയുടെ മൃതദേഹം സംസ്‌കരിച്ച പുത്തുമല പള്ളി ശ്മശാനത്തിലെ കല്ലറ ആര്‍ച്ച് ബിഷപും മേപ്പാടി പള്ളി വികാരി ഫാ.സണ്ണി ഏബ്രഹാമും മറ്റു വൈദികരും ഇടവകാംഗങ്ങളും സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.
