ബൈരക്കുപ്പ പാലം നിര്‍മാണം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വകുപ്പുതല പരിശോധന നാളെ പെരിക്കല്ലൂരില്‍

ബത്തേരി: ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ട് കേരള അതിർത്തിയായ പെരിക്കല്ലൂരില്‍ നാളെ വകുപ്പ്തല പരിശോധന നടത്തും.

ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയും എച്ച്‌.ഡി. കോട്ട എംഎല്‍എ അനില്‍ ചിക്കമതുവും തമ്മില്‍ നടന്ന ചർച്ചയിലാണ് തീരുമാനം. തറക്കല്ലിട്ടതിനുശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അനക്കമില്ലാതെ കിടക്കുന്ന ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് അപ്രോച്ച്‌ റോഡുകള്‍ നിർമിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകളാണ് പുരോഗമിക്കുന്നത്.

സംസ്ഥാന അതിർത്തിയില്‍ മുള്ളൻകൊല്ലി പഞ്ചായത്തില്‍ പാലം വരുന്ന പെരിക്കല്ലൂർ ഭാഗത്ത് നാനൂറ് മീറ്റർ ദൂരവും കർണാടക ഭാഗത്ത് ബൈരക്കുപ്പ പഞ്ചായത്തില്‍ ഒരു കിലോമീറ്റർ ദൂരവുമാണ് അപ്രോച്ച്‌ റോഡിന് ആവശ്യമായി വരുന്നത്. ഈ ഭാഗങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടാണ് എംഎല്‍എമാർ യോഗം ചേർന്നത്.

പാലം നിർമിക്കാനുദ്ദേശിക്കുന്ന പെരിക്കല്ലൂർ ഭാഗത്ത് ഈ മാസം പതിനേഴിന് ജനപ്രതിനിധികളും എൻഎച്ച്‌, പിഡബ്ല്യുഡി, റവന്യു ഉദ്യോഗസ്ഥർ, വികസന സമിതി ഭാരാവാഹികളും പരിശോധന നടത്തും. എത്രഭൂമി ഏറ്റെടുക്കണം എന്നതിനെ സംബന്ധിച്ചും പാലത്തിന്റെ അലൈൻമെന്റും സംഘം പരിശോധ നടത്തും. സംസ്ഥാന സർക്കാർ ഈ മാസം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ രണ്ടാമത്തെ ടോക്കണ് പ്രൊവിഷനായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.

കർണാടകയും ബജറ്റ് പ്രൊവിഷൻ വയ്ക്കുമെന്നാണ് മനസിലാകുന്നതെന്നും ഇതുമായി കേന്ദ്രസർക്കാറിനെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഐ.സി. ബാലകൃഷ്ണൻ എംഎല്‍എപറഞ്ഞു. പ്രിയങ്കഗാന്ധി എംപി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും പൊതുമരാമത്ത് മന്ത്രിമാരായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

കർണാടക ഭാഗത്ത് ബൈരക്കുപ്പ പഞ്ചായത്തില്‍ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി റവന്യുഭൂമിയിലൂടെ പാലംനിർമിക്കുന്ന ഭാഗത്തേക്ക് എത്തിച്ചേരാനാകും. കൂടാതെ കുറച്ച്‌ ഭൂമി ഏറ്റെടുക്കേണ്ടതായുംവരും. ഇതിൻമേലുള്ള റിപ്പോർട്ട് മൈസൂരു ജില്ലാ കളക്ടർ സർക്കാരിന് സമർപ്പിച്ചതായും എച്ച്‌.ഡി. കോട്ട എംഎല്‍എ അനില്‍ചിക്കമതു പറഞ്ഞു. നാളെ നടക്കുന്ന സ്ഥലപരിശോധനയ്ക്ക് ശേഷം ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും പൊതുമരാമത്ത് മന്ത്രിമാരും പ്രിയങ്കഗാന്ധി എംപിയും പങ്കെടുക്കുന്ന യോഗം അടുത്തുതന്നെ നടത്താനുമാണ് തീരുമാനം.

 

ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ബത്തേരി തഹസില്‍ദാർ ബി. പ്രശാന്ത്, പിഡബ്ല്യുഡി റോഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സാറ്റിഷ് ഇ. സൈമണ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജനീയർ കെ.ആർ. രാകേഷ്, പെരിക്കല്ലൂർ വികസനസമിതി കണ്വീനർ ഫാ. എബിൻ കുന്നപ്പള്ളി, മുള്ളൻകൊല്ലി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ മുനീർ ആച്ചിക്കുളം, പി.കെ. ജോണി, രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി.പി. രാജശേഖരൻ, അബ്ദുള്ള മാടക്കര, ഉമ്മർ കുണ്ടാട്ടില്‍, പി.പി. അയൂബ് തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *