മാനന്തവാടി: കേരള കർണാടക സംസ്ഥാനങ്ങളുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ബൈരക്കുപ്പ പാലം പണിയാനായി അനുമതി നൽകിയ കർണാടക-കേരള സർക്കാരുകളെ വ്യാപാരി വ്യവസായി ഏകോപന സമിതി അഭിനന്ദിച്ചു.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളോടൊപ്പം ബൈരക്കുപ്പ, ഹുൻസൂർ പഞ്ചായത്തുകളിലെയടക്കമുള്ള കുടിയേറ്റ ജനതയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചിരകാല സ്വപ്നമാണ് ഈ പാലം നിർമ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് യോഗം വിലയിരുത്തി.
വയനാടിന്റെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ മുഴുവന്റെയും സമഗ്ര വികസനമാണ് ഈ പാലം നിർമ്മാണത്തിലൂടെ സാധ്യമാകാൻ പോകുന്നതെന്ന് യോഗം പ്രത്യാശ രേഖപ്പെടുത്തി.
കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ദൂരം ഗണ്യമായി കുറയുന്നതോടെ ചരക്ക് ഗതാഗതം കൂടുതൽ സുഗമമാക്കാൻ സാധിക്കും. അതോടൊപ്പം വയനാട് സഞ്ചാരികളുടെ ഒരു പറുദീസയായി മാറാൻ കൂടി സാധ്യതയുണ്ട് എന്നും യോഗം വിലയിരുത്തി.
ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ബാംഗ്ലൂർ നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഈ പാത പൂർത്തിയാകുന്നതോടെ യുവ സംരംഭകർക്ക് സാധ്യമാകും.
പാലം അനുവദിക്കാനായി മുൻകൈയെടുത്ത കേരള കർണാടക മന്ത്രിമാർ, എം.എൽ.എ, എംപി അടക്കമുള്ള മുഴുവൻ നേതാക്കളെയും വ്യാപാരി വ്യവസായി ഏകോപനസമിതി അഭിനന്ദിച്ചു. കേവലം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ എത്രയും പെട്ടെന്ന് പാലം പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
