സുല്‍ത്താന്‍ ബത്തേരി: സ്വര്‍ണം വിറ്റതായി മോഷ്ടാവ് ചൂണ്ടിക്കാണിക്കുന്ന ജ്വല്ലറികളുടെ ഉടമകളെ റിക്കവറിയുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നത് പോലീസ് അവസാനിപ്പിക്കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ ഡ്സിൽവർ മര്‍ച്ചന്റ്സ് അസോസിയേഷന് താലൂക്ക് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ജ്വല്ലറിയില്‍ വാങ്ങിക്കാത്തതും ബില്ലോ സിസിടിവി ദൃശ്യം ഉള്‍പ്പെടെ മറ്റ് തെളിവുകളോ ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ പേരിലാണ് വ്യാപാരികളെ പോലീസ് പ്രയാസപ്പെടുത്തുന്നത്.
മോഷ്ടാവ് പറയുന്ന അത്രയും സ്വര്‍ണം സ്ഥാപനത്തില്‍നിന്ന് തൊണ്ടിമുതലായി റിക്കവറി ചെയ്യണമെന്ന് ശഠിച്ച് വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഈയിടെ ബത്തേരിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ എത്തിയ പോലീസ് മോഷ്ടാവ് അവിടെ അഞ്ച് പവന് സ്വര്‍ണം വിറ്റതായി അവകാശപ്പെടുകയും തിരികേ വേണമെന്നു ആവശ്യപ്പെടുകയുമുണ്ടായി. വ്യാപാരിക്ക് മുഖപരിചയം പോലും ഇല്ലാത്ത പ്രതിയുമായാണ് പോലീസ് ജ്വല്ലറിയില്‍ എത്തിയത്. ഇയാളുമായി ഒരിടപാടും നടത്തിയില്ലെന്നു ഉറപ്പുള്ളതിനാല്‍ സ്വര്‍ണം തരാന്‍ കഴിയില്ലെന്ന നിലപാട് ജ്വല്ലറി ഉടമ സ്വീകരിച്ചു. നാല് പവന് സ്വര്‍ണം കൊടുക്കാത്തപക്ഷം ഉടമയെ അറസ്റ്റുചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. സമാന സംഭവങ്ങള്‍ മറ്റു പല സ്ഥാപനങ്ങളിലും ഉണ്ടായിട്ടുണ്ട്. പോലീസ് ഇത്തരം നടപടികള്‍ തുടരുന്നപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്കാന് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജി തിളക്കത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് മലബാര്‍, ട്രഷറര്‍ ഷാനു മലബാര്‍, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് സിന്ദൂര്‍, മുഹമ്മദ് ഷാലിമാര്‍, നവാസ് പനമരം, അലക്സാണ്ടര്‍ വനിത, കെ.പി. ദാമോദരന്‍, ടി.പി. ഏലിയാസ്, മാത്യു അനുപമ, ചാക്കോച്ചന് നോബിള്‍, റഹിം എളമ്പിലാട്ട് എന്നിവര്‍ പ്രസംഗിച്ചു.
June 24, 2026
