മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്.

മേപ്പാടി: മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിങ്, ട്രാഫിക് കണ്ട്രോള്‍, ദുരന്ത മേഖലയില്‍ തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.

 മണ്ണിടിച്ചിൽ ദുരന്തമറിഞ്ഞയുടൻ വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മേപ്പാടി പോലീസ് സ്ഥലത്തിയിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ ജെയ്സൻ, സിവിൽ പോലീസ് ഓഫിസർമാരായ ജബലു റഹ്മാൻ, പ്രദീപ്, നവീൻ തുടങ്ങിയവർ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം തുടങ്ങി. വടം കെട്ടി പാലത്തിന് അപ്പുറത്ത് എത്തി കുടുങ്ങിയിരിക്കുന്ന ആളുകളെ ഇപ്പുറത്തെത്തിച്ചു. അപകട ഭീതിയിലുള്ള പരിസര പ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ മാറ്റി. ആളുകളെ നിയന്ത്രിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസും കൂടുതൽ പോലീസ് സേനാംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസും സ്ഥലത്തെത്തി. ജില്ലയിലെ ഡിവൈ.എസ്.പിമാർ, സ്റ്റേഷൻ എസ്.എച്ച്.ഒ മാർ ജില്ലക്കകത്തും പുറത്തുമുള്ള മറ്റു പോലിസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ ദുരന്തമുഖത്തും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.

ജാഗ്രത പാലിക്കണം

വയനാട് പോലീസ് മഴക്കാല ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

– കനത്ത മഴയുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക.

– മണ്ണിടിച്ചില്‍ സാധ്യതയുള്ള മലഞ്ചെരിവുകള്‍, കുന്നിന്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

– രാത്രികാല യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുക.

– മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യരുത്.

– ശക്തമായ കാറ്റിലും ഇടിമിന്നലിലും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടുക

– ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.

– ദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക.

 – അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക

അടിയന്തര സഹായത്തിന് 112 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *