കഞ്ചാവും, എം.ഡി.എം.എയും, ഹാഷിഷ് ഓയിലുമായി യുവാക്കൾ വയനാട് പോലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍, എം.എന്‍. നന്ദു(27), പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ഐക്കാരന്‍ വീട്ടില്‍ എ.കെ. സുബൈര്‍(34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടിയത്. ലക്കിടി ഓറിയന്റൽ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാർഥികളിൽ നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്. പടിഞ്ഞാറത്തറയിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്നയാളാണ് സുബൈർ.
അഞ്ചാംമൈലില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. മാനന്തവാടി ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എല്‍ 12 ക്യൂ 3207 നമ്പര്‍ കാറില്‍ സഞ്ചരിച്ച ഇവരില്‍ നിന്ന് 22.18 ഗ്രാം കഞ്ചാവും, 0.2 ഗ്രാം എം.ഡി.എം.എയും, 13.95 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും പാന്റിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റില്‍ നിന്നുമാണ് ലഹരി കണ്ടെടുത്തത്. എസ്.ഐമാരായ പി.സി. റോയി, ജോഫി പി. ജോണ്‍, എസ്.സി.പി.ഒ സജിത്ത്, സി.പി.ഒമാരായ അനീഷ്, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
