മാനന്തവാടി: സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി വച്ച് പന്താടുന്ന ഇത്തരം ക്രമക്കേടുകൾ തികച്ചും പ്രതിഷേധാർഹമാണെന്ന് രൂപതാ സമിതി യോഗം വിലയിരുത്തി.
പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് അടുത്ത കാലത്തായി ഉയർന്നുവരുന്ന ആരോപണങ്ങളെന്ന് യോഗം ഉദ്ഘാടനം ചെയ്തു കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ പറഞ്ഞു. അർഹരായ ഉദ്യോഗാർഥികളെ തളളിമാറ്റി പിൻവാതിൽ നിയമനങ്ങൾക്കോ ക്രമക്കേടുകൾക്കോ കളമൊരുക്കുന്നത് അംഗീകരിക്കാനാവില്ല. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പിലെയും റാങ്ക് ലിസ്റ്റ് തയ്യാറാക്കലിലെയും സുതാര്യത ഉറപ്പുവരുത്താൻ അധികൃതർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, സെക്രട്ടറി ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ, കോർഡിനേറ്റർ അമൽ ജോൺസ് തൊഴുത്തുങ്കൽ, ആനിമേറ്റർ സി. റോസ് ടോം എസ് എ ബി എസ് എന്നിവർ സംസാരിച്ചു.
