മേപ്പാടിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം: എസ്ഡിപിഐ

മേപ്പാടി: യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും ഡ്രൈവർമാരുമടക്കം മേപ്പാടി ടൗണിൽ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

മൂപ്പനാട് മുതൽ മേപ്പാടി ഹൈസ്കൂൾ വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം ടൗൺ സ്തംഭിക്കുന്ന അവസ്ഥ ദിനംപ്രതി വർധിച്ചുവരികയാണ്. ബൈപ്പാസ് സംവിധാനമില്ലാത്തതിനാൽ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി പോകുന്നവരും ദീർഘദൂര യാത്രക്കാരും വിനോദസഞ്ചാരികളും മേപ്പാടിയിലെ അശാസ്ത്രീയ ഗതാഗത സംവിധാനത്തിൽ കുടുങ്ങി ഏറെ സമയം പ്രയാസപ്പെടുകയാണ്.

റോഡ് പണികൾ പാതിവഴിയിൽ നിലച്ചിരിക്കുന്നതും ഫുട്പാത്ത് നിർമാണത്തിനായി റോഡിന്റെ വശങ്ങൾ പൊളിച്ചിട്ടിരിക്കുന്നതും വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദീർഘനാളായി തുടരുന്ന ഫുട്പാത്ത് നിർമാണം എന്ന് പൂർത്തിയാകുമെന്ന് കരാറുകാർക്ക് പോലും വ്യക്തമാക്കാൻ കഴിയാത്ത അവസ്ഥയാണ്.

കാലങ്ങളായി ഡ്രൈനേജുകൾ വൃത്തിയാക്കാത്തതും മാസങ്ങളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും ടൗൺ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നിട്ട് ഏറെക്കാലമായതും പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മേപ്പാടി ടൗണിലെ നിലവിലെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടുവെന്ന ആക്ഷേപവും നാട്ടുകാർക്കിടയിൽ ശക്തമാണ്.

 

പ്രശ്നപരിഹാരത്തിനായി എംഎൽഎ അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി മേപ്പാടിയിൽ ബൈപ്പാസ് റോഡ് നിർമിക്കണമെന്നും എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 

പഞ്ചായത്ത് പ്രസിഡന്റ് യു. കെ ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്ക് സ്വാഗതവും ട്രഷറർ ഷഹീർ നന്ദിയും പറഞ്ഞു. മഹറൂഫ് പി., മുഹമ്മദ് അലി, ഷൗക്കത്തലി കുളമ്പിൽ, ശിഹാബ് ഒട്ടുമ്മൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *