പനമരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം ഏര്യാ സമ്മേളനം കെ. ആലി നഗറിൽ വെച്ച് നടന്നു. വ്യാപാരി സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഏര്യാ പ്രസിഡന്റ് ടി. എം. ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏര്യാ സെക്രട്ടറി സന്തോഷ് കഴിഞ്ഞ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയുമായി
ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ആർ. സുരേഷ് വിശദീകരിച്ചു. പനമരം ടൗണിൽ ദിവസേന അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതോടൊപ്പം, നിരന്തര അപകട മേഖലയായ നാലാം മൈൽ ജങ്ഷനിൽ അടിയന്തരമായി ട്രാഫിക് ഡിവൈഡർ സ്ഥാപിച്ചു സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽ, സലീം തുടങ്ങിയവർ സംസാരിച്ചു. പ്രകാശൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
