സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു; പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:  സംസ്ഥാനത്ത് പൊതുവെ ചൂട് വർദ്ധിച്ചുവരുന്ന

സാഹചര്യത്തിൽ ജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ

നിർദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിൽ ഇന്ന് (10/09/2026) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്:

 

– പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

 

– ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.

 

– അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക.

 

– പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. (ORS) ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

 

– മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഡംപിങ് യാർഡുകൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

 

– വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവു വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക.

 

– കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

 

– ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, നിർമ്മാണ-കർഷക തൊഴിലാളികൾ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

 

– ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

 

– അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

 

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *