യുവതിയെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തവിഞ്ഞാൽ:  പേര്യ ആലാറ്റിൽ മോണിച്ചൻകുന്ന് ഊരിലെ ആദിവാസി യുവതിയെ ബന്ധുവീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിച്ചൻകുന്ന് ഊരിലെ ചാലന്റെയും അമ്മിണിയുടെയും മകളായ അലീന (20) ആണ് മരിച്ചത്.

 

മോണിച്ചൻകുന്ന് ഊരിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്കൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ രണ്ട് ദിവസം മുൻപാണ് അലീന എത്തിയത്. ഇന്നലെ രാവിലെയാണ് ഈ വീട്ടിലെ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ച് സമീപത്തെ വീടുകളിലേക്ക് ഓടിനടന്നിരുന്നതായി വിവരമുണ്ട്.

 

സംഭവത്തെ തുടർന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോലീസിന്റെ സയന്റിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ബിന്ദു, ശാരദ, ഷൈല, ശാമിലി, ശാന്തിനി, മായ എന്നിവരാണ് സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *