Headlines

ബോക്സിങ് മത്സരത്തിനിടെ വിദ്യാർത്ഥികളെയും കോച്ചിനെയും മർദ്ദിച്ച സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി മാനന്തവാടി മൈസൂർ റോഡിലെ ABA ബോക്സിങ് അക്കാദമിയിൽ നടന്ന ജില്ലാ തല ബോക്സിങ് മത്സരത്തിനിടെ വിദ്യാർത്ഥികളെയും കോച്ചിനെയും മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ.എസ് മുഹമ്മദ് സകരിയ്യ ആവശ്യപ്പെട്ടു.

മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിനെത്തിയ ആറ് വിദ്യാർത്ഥികൾക്ക് മർദ്ദനത്തിൽ പരിക്കേറ്റതായും ഒരാളുടെ കാലിന് പൊട്ടലുണ്ടായതായും മറ്റു വിദ്യാർത്ഥികൾക്ക് തോളിലും തലയിലും താടിയെല്ലിലും ഇടുപ്പിലും ഉൾപ്പെടെ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിലാണ്. ചിലർക്ക് വിദഗ്ധ ചികിത്സ ആവശ്യമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കായികതാരത്തിന്റെ ജനനേന്ദ്രിയ ഭാഗത്ത് ബലമായി പിടിക്കുകയും ഞെക്കുകയും ചെയ്തതടക്കം ഗുരുതരമായ അക്രമത്തിനാണ് വിദ്യാർത്ഥികൾ ഇരയായത്. കോച്ചിന് ACL-ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനിടെ ഭീഷണിപ്പെടുത്തുന്ന വാക്കുകളും അക്രമികൾ ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ആറ് കായികതാരങ്ങളിൽ രണ്ട് പേർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നും ഇവർക്കും ആക്രമണവും അപമാനവും നേരിടേണ്ടി വന്നത് അംഗീകരിക്കാനാവില്ലെന്നും കെ.എസ് മുഹമ്മദ് സകരിയ്യ പറഞ്ഞു.

ജില്ലാ തല കായിക മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സംഭവം ഗൗരവത്തോടെ അന്വേഷിക്കണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം. സംഭവസ്ഥലത്തെ CCTV ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അടിയന്തരമായി ശേഖരിച്ച് സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കായിക മത്സരവേദികളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം അഫ്സൽ എം, മാനന്തവാടി അസംബ്ലി ട്രഷറർ സൈനുദ്ധീൻ സി.കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *