കാക്കവയൽ: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം കലോത്സവമായ ‘മൽഹാർ 2K26’ ആവേശകരമായി സമാപിച്ചു. കൗമാര കലാപ്രതിഭകളുടെ വൈവിധ്യമാർന്ന പരിപാടികളാൽ സമൃദ്ധമായ കലോത്സവം പ്രശസ്ത കലാകാരിയും മാധ്യമപ്രവർത്തകയുമായ നീതു സനു ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് റിയാസ് എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശാലിനി എസ്.കെ. സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ കെ.എൻ. ഇന്ദ്രൻ, സ്കൂൾ ചെയർമാൻ അമൽ മനോജ്, കലാവേദി സെക്രട്ടറി അൻസില എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ദേശീയതല ഷൂട്ടിംഗ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാർഥി വൈഗ എസ്സിന് പ്രത്യേക അനുമോദനവും യാത്രയയപ്പും നൽകി. ജിഷ സി.പി. ചടങ്ങിന് നന്ദി പറഞ്ഞു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു.
