കൽപ്പറ്റ: കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്ന നടപടിയിൽ പ്രതിഷേധമറിയിക്കാൻ സൂപ്രണ്ട് ഓഫീസിൽ എത്തിയ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കളെ അകാരണമായി മർദ്ദിച്ച എൻജിഒ യൂണിയൻ ഭാരവാഹികൾക്കും നേതാക്കൾക്കുമെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി. കാലാകാലങ്ങളായി ആശുപത്രിയിലെ ജീവനക്കാരെ പിരിച്ചുവിടുമ്പോൾ 15 ദിവസത്തെ നോട്ടീസ് കൊടുക്കാറുണ്ട്. ഇക്കഴിഞ്ഞ എച്ച് എം സി യോഗത്തിൽ എടുത്ത 15 ദിവസത്തെ നോട്ടീസ് കൊടുത്തിട്ട് വേണം ജീവനക്കാരെ പിരിച്ചുവിടാൻ എന്നുള്ള തീരുമാനവും കാറ്റിൽ പറത്തി ഒരു അറിയിപ്പുമില്ലാതെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം അറിയിക്കാൻ സൂപ്രണ്ട് ഓഫീസിലേക്ക് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സി ജയപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ് എന്നിവർക്കെതിരെയാണ് രാഷ്ട്രീയ പ്രേരിതമായി സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം എൻജിഒ യൂണിയൻ നേതാക്കൾ കയ്യേറ്റത്തിന് മുതിർന്നത്.ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ് കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്ന സാഹചര്യമുണ്ടായി. മറ്റു നേതാക്കൾക്കും സാരമായ പരിക്കുപറ്റി. പത്തു വർഷക്കാലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിച്ച ആളുകൾക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ വിറളി പൂണ്ടിരിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. കുറ്റക്കാരായ എൻ ജി ഒ യൂണിയൻ ഭാരവാഹികളായ റിജേഷ്,രാം വിനീഷ്, സുബിൻ എന്നിവർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷൻ ആയിരുന്നു. ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, അസീസ് വാളാട്, യൂനുസ് അലി തുടങ്ങിയവർ സംസാരിച്ചു
കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കളെ അകാരണമായി മർദ്ദിച്ച എൻജിഒ യൂണിയൻ ഭാരവാഹികൾക്കും നേതാക്കൾക്കുമെതിരെ നടപടി വേണം: യൂത്ത് കോൺഗ്രസ്
