കർമ്മസൂര്യന് മാതൃനാടിന്റെ ആദരം; വി. മൂസക്കോയ മുസ്‌ലിയാർക്ക് പനമരം റൈഞ്ചിൽ പ്രൗഢോജ്ജ്വല സ്വീകരണം

പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദരണീയനായ പണ്ഡിതശ്രേഷ്ഠൻ വി. മൂസക്കോയ മുസ്‌ലിയാർക്ക് സ്വദേശമായ പനമരം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്നേഹാദരങ്ങളോടെ പ്രൗഢോജ്ജ്വല സ്വീകരണമൊരുക്കി. ദീനീ പ്രബോധന രംഗത്തും സന്മാർഗ അധ്യാപനത്തിലും ദീർഘകാലമായി സമർപ്പിത സേവനം അനുഷ്ഠിക്കുന്ന ആദരണീയനായ ഉസ്താദിനെ സ്വന്തം മണ്ണിൽ വച്ച് ആദരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു സംഘാടകരും നാട്ടുകാരും.

റൈഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം മുബഷിർ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ വളർച്ചയിലും പ്രസ്ഥാന വീഥിയിലും മൂസക്കോയ മുസ്‌ലിയാർ കാഴ്ചവെച്ച നിഷ്കളങ്ക സേവനങ്ങളും കർമ്മധീരതയും പണ്ഡിത സമൂഹത്തിനും വരുംതലമുറയ്ക്കും എക്കാലവും പ്രചോദനമാണെന്ന് അധ്യക്ഷൻ അഷ്‌റഫ്‌ ഫൈസി പറഞ്ഞു.

ചടങ്ങിൽ ജാഫർ സഅദി ആമുഖ പ്രഭാഷണവും സ്വാഗതവും നിർവ്വഹിച്ചു. മുദരിബ് ശരീഫ് ഫൈസി, കടന്നോളി മൊയ്തു മുസ്‌ലിയാർ, അബൂബക്കർ റഹ്‌മാനി, ഇബ്രാഹിം മാസ്റ്റർ കൂളിവയൽ, ഉമർ ഹാജി, അഷ്‌റഫ്‌ ഫൈസി നെല്ലിയമ്പം, ഇസ്മായിൽ മൗലവി, മൊയ്തു മുസ്‌ലിയാർ തരുവണ, സിദ്ധീഖ് ഫൈസി, അക്ബർ ഫൈസി, അബ്ദുള്ള മാസ്റ്റർ, ശിഹാസ് ഫൈസി, അഫ്സൽ ഗസാലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു. മുഹമ്മദ്‌ റഹ്‌മാനി തരുവണ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *