‘ഒറ്റക്കെട്ടായി അതിജീവിക്കാം; ‘ഒപ്പം ചിരിക്കാം’ പദ്ധതിയുമായി വയനാട് പോലീസ്.

കല്‍പ്പറ്റ: ഉറ്റവരില്ലാതെ, പിറന്ന നാടും നാട്ടുകാരുമില്ലാതെ ഉള്ളുരുകുന്നവര്‍ക്ക് ആശ്വാസമേകാന്‍ ‘ഒപ്പം ചിരിക്കാം’ എന്ന പദ്ധതിയുമായി വയനാട് പോലീസ്. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരന്തത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് സാന്ത്വനമേകുകയാണ് വയനാട് പോലീസ്. അതിജീവന പാത തേടുന്ന ഇവർ പുതുതായി താമസിക്കുന്ന വാടക വീടുകളിലും ബന്ധു വീടുകളിലുമെത്തി കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും അതിജീവന കരുത്ത് പകരുകയാണ് പൊലീസ്. മാനസികാഘാത ലഘൂകരണമാണ് ലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. ദുരിതബാധിതരുടെ അതിജീവന പാതയില്‍ പോലീസ് കൂടെയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സമയം മുതല്‍ പ്രദേശത്ത് സജീവ സാന്നിദ്ധ്യമായി പോലീസുണ്ട്, തുടര്‍ന്നുമുണ്ടാവും.

അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിന്റെ ക്യാപ്പ്(DCAP) പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറുമായ വിനോദ് പിള്ള, ഡിവൈഎസ്പിമാരായ എം.കെ. ഭരതന്‍(നാര്‍ക്കോട്ടിക് സെൽ ), ദിലീപ്കുമാര്‍ ദാസ്(ഡി.സി.ആര്‍.ബി),ഡി ക്യാപ്പ് പദ്ധതിയുടെ അഡി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആര്‍.സി, ഡി. ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സിലേഴ്‌സ്, ഡബ്‌ള്യു.ഒ.എച്ച്.എസ് സ്‌കൂളിലെ എസ്.പി.സി കേഡറ്റ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം. ശനിയാഴ്ച 11 കുടുംബങ്ങൾ സന്ദർശിച്ചു. വരും ദിവസങ്ങളിലും സന്ദർശനവും കൗൺസിലിങ്ങും തുടരുമെന്ന് വയനാട് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *