കൽപ്പറ്റ : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കണമെന്നും വയനാട് സർക്കാർ മെഡിക്കൽ കോളേജിനെ സമ്പൂർണ ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രമായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധർണ
എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ധർണ ഉദ്ഘാടനം ചെയ്യും.
സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് സാധാരണക്കാരായ രോഗികളെയും കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ചികിത്സയ്ക്കായി കടം വാങ്ങുകയും സ്വത്തുക്കൾ വിൽക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ചികിത്സാനിരക്കുകളിൽ സുതാര്യത ഉറപ്പാക്കുകയും അന്യായമായ ബില്ലിങ്, അനാവശ്യ പരിശോധനകൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ പരാതികളിൽ കർശന നടപടി സ്വീകരിക്കുകയും വേണം.
വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദഗ്ധ ചികിത്സയ്ക്കായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്നത് രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനൊപ്പം ചികിത്സ വൈകുന്നതിലൂടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു. ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്കുള്ളിൽത്തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. കാർഡിയോളജി, ന്യൂറോളജി, ന്യൂറോസർജറി വിഭാഗങ്ങൾ, കാത്ത് ലാബ്, അടിയന്തര ആൻജിയോപ്ലാസ്റ്റി സൗകര്യം, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കി മെഡിക്കൽ കോളേജിനെ പരിപൂർണ സജ്ജമാക്കണം.
മെഡിക്കൽ കോളേജ് എവിടെ വേണമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം, ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സമ്പൂർണ മെഡിക്കൽ കോളേജ് യഥാർഥ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടത്. വയനാട്ടിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള വിദഗ്ധ ചികിത്സ ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികളെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും വേണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന കലക്ടറേറ്റ് ധർണ വിജയിപ്പിക്കാൻ പൊതുജനങ്ങളോടും സാമൂഹിക പ്രവർത്തകരോടും ആരോഗ്യപ്രവർത്തകരോടും അഭ്യർഥിക്കുന്നു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, വൈസ് പ്രസിഡന്റ് ഹംസ എൻ,ജില്ലാ ട്രഷറർ സുബൈർ കെ പി കൽപറ്റ മണ്ഡലം പ്രസിഡന്റ് അബ്ദുൾ കരീം പി എന്നിവർ പങ്കെടുത്തു.
