കൽപ്പറ്റ: വയനാട് ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വീണ്ടും വേഗം കൈവരുന്നു. റോഡ് നിർമാണം ഉൾപ്പെടെ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി ചർച്ച നടത്തി.
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ്, കൽപ്പറ്റ ഔട്ടർ റിങ് റോഡ്, ഇന്നർ റിങ് റോഡ്, പന്തിപ്പൊയിൽ പാലം തുടങ്ങിയ പ്രധാന പദ്ധതികളുടെ പുരോഗതിയും തുടർനടപടികളും ചർച്ചയായി. തുടർന്ന് പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് ജനകീയ കർമസമിതി ഭാരവാഹികൾക്കൊപ്പം മന്ത്രി ടി. സിദ്ദിഖ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, വനംമന്ത്രി ഷിബു ബേബി ജോൺ, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.റോഡിന്റെ പ്രാധാന്യവും പദ്ധതി നടപ്പാക്കുന്നതിന്റെ ആവശ്യകതയും മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി.
1994-ൽ നിർമാണം ആരംഭിച്ച പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ ഏകദേശം 70 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയിരുന്നു. റോഡ് നിർമാണത്തിനായി കോഴിക്കോട്, വയനാട് ജില്ലകളിലായി 183 കുടുംബങ്ങൾ തങ്ങളുടെ സ്ഥലവും വീടുകളും സ്ഥാപനങ്ങളും സൗജന്യമായി വിട്ടുനൽകി. 12 മീറ്റർ വീതിയിൽ നിർമിച്ച റോഡിനെ 2005-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനപാത-54 ആയി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്ന കാരണത്താൽ തുടർനിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ഇതിനെത്തുടർന്ന് ജനകീയ കർമസമിതി രൂപീകരിച്ച നാട്ടുകാർ കഴിഞ്ഞ പത്തുവർഷമായി സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിവരികയാണ്.
എംഎൽഎയായിരുന്ന കാലം മുതൽ തന്നെ റോഡിനായുള്ള ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പ്രദേശവാസികളുടെ ആശങ്കകൾക്കൊപ്പം നിൽക്കുകയും ചെയ്തിരുന്ന ടി. സിദ്ദിഖ്, മന്ത്രിയായതിനു പിന്നാലെ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കിയിരിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം കൈവരിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് ജനകീയ കർമസമിതി കോ-ഓർഡിനേറ്റർ കമൽ ജോസഫ് പറഞ്ഞു.
കഴിഞ്ഞ സർക്കാർ റോഡുമായി ബന്ധപ്പെട്ട പുതിയ ഇൻവെസ്റ്റിഗേഷൻ നടപടികൾക്കായി ഒന്നരക്കോടി രൂപ അനുവദിക്കുകയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടുവർഷം പിന്നിട്ടിട്ടും പ്രാഥമിക വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) പോലും തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജനകീയ കർമസമിതി വിമർശിച്ചു.
*നവംബറിൽ കൂടിയാലോചനാ യോഗം*
പദ്ധതിയുടെ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി മുന്നോട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുമായി കൂടിയാലോചനാ യോഗം നവംബർ മാസം ചേരാൻ ആലോചിക്കുന്നതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് യാഥാർഥ്യമാകുന്നതോടെ വയനാടിനും കോഴിക്കോടിനുമിടയിലെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പ്രദേശത്തിന്റെ ഗതാഗത, വിനോദസഞ്ചാര, സാമ്പത്തിക മേഖലകളിലും വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
