കൽപ്പറ്റ: സെപ്റ്റംബർ മാസത്തിൽ മികച്ച സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു. വയനാട് ജില്ലാ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം, നാർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡി.വൈ.എസ്.പി മനോഹരൻ ടി ഉൾപ്പെടെയുള്ള ജില്ലാ പോലീസിലെ വിവിധ വിഭാഗങ്ങളിലെ 99 പേരെയാണ് ആദരിച്ചത്. ജില്ലാ പോലീസ് മേധാവിയും അഡീഷണൽ എസ്.പി.യും ചേർന്ന് ഉദ്യോഗസ്ഥർക്ക് പ്രശസ്തിപത്രങ്ങൾ കൈമാറി.
കുറ്റാന്വേഷണ മികവ്, ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കൃത്യസമയത്ത് ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്, നൂറിലധികം കേസുകളിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടിയത്, സാമൂഹികവിരുദ്ധർക്കെതിരെ കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിച്ചത്, പിടികിട്ടാപ്പുള്ളികളെ (എൽ.പി. വാറണ്ട്) കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത് തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിച്ചത്, മികച്ച രീതിയിൽ ഓഫീസ് ജോലികൾ നിർവഹിച്ചത്, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത് തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും അംഗീകാരം നൽകി.
അഡീഷണൽ എസ്.പി. എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൽ കരീം, ടി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ആഴ്ചയിൽ അഭിനന്ദന ദിനം (അപ്രിസിയേഷൻ ഡേ) ആചരിക്കണമെന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. പി. ശ്രീ.വിജയന്റെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
