മാനന്തവാടി: വയനാടൻ ജനതയുടെ ചിരകാല അഭിലാഷമായ മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്ന് മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചതിനുശേഷം ചികിത്സാ, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാർഥികളുടെ പഠനസൗകര്യത്തിനായി നഗരസഭ കെട്ടിടം വിട്ടുനൽകിയതായും ഭാരവാഹികൾ പറഞ്ഞു. അനുബന്ധ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിനും മറ്റുമായി വിവിധ സ്ഥലങ്ങൾ കണ്ടെത്തി സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും, നഗരസഭ കണ്ടെത്തിയ സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ പൂർണതോതിലുള്ള പ്രവർത്തനം വേഗത്തിലാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ചർച്ച തീർത്തും തെറ്റായതും വികസനത്തിന് തടസ്സമുണ്ടാക്കുന്നതുമാണ്. രണ്ട് ബാച്ചുകളിലായി വിദ്യാർഥികൾ നിലവിൽ പഠനം നടത്തുന്നുണ്ടെന്നും, കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും വിദഗ്ധ ഡോക്ടർമാരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ, മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ സ്ഥലമെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കണമെന്നും മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിനെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ഉപേക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.വി.എസ്. മൂസ്സ, സെക്രട്ടറി അർഷാദ് ചെറ്റപ്പാലം, ട്രഷറർ കടവത്ത് ശറഫുദ്ധീൻ, സഹഭാരവാഹികളായ മൊയ്തുട്ടി കുഴിനിലം, മുഹമ്മദ് സി.എച്ച്., ഹംസ ഇസ്മായിൽ, പി.കെ. മൊയ്തു, ഫസലു റഹ്മാൻ താഴെങ്ങാടി, ഫൈസൽ പഞ്ചാരക്കൊല്ലി എന്നിവർ അറിയിച്ചു.
