ബി.എൽ.എം-ന് സർക്കാർ പിന്തുണ വേണം: കൃഷിവകുപ്പ് മന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും തൊഴിലാളി യൂണിയൻ നിവേദനം നൽകി

കൽപ്പറ്റ: പ്രതിസന്ധി ഘട്ടത്തിൽ ബി.എൽ.എം സ്ഥാപനത്തിന് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ പ്രതിനിധികൾ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിനും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കും നിവേദനം നൽകി. വയനാട് ജില്ലാ ഐ.എൻ.ടി.യു.സി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാർക്ക് തൊഴിലാളി യൂണിയൻ അംഗങ്ങൾ നേരിട്ടാണ് നിവേദനം സമർപ്പിച്ചത്.

 

60 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള ബി.എൽ.എം-ൽ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗം ഈ സ്ഥാപനത്തെ ആശ്രയിച്ചാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന ആശങ്കകളും നിലവിലെ സാഹചര്യങ്ങളും അവർ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ബി.എൽ.എം തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും സ്ഥാപനത്തെയും അതിലെ ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ടെന്നും തൊഴിലാളി യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.

 

സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ജീവനക്കാരുടെ തൊഴിൽസുരക്ഷയും കുടുംബങ്ങളുടെ ഉപജീവനവും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ഇടപെടലും ഉണ്ടാകണമെന്ന് അവർ അഭ്യർഥിച്ചു. കൂടാതെ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരുടെ ഭാവിയും അവരുടെ കുടുംബങ്ങളുടെ ജീവിതസുരക്ഷയും ഉറപ്പ് നൽകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

 

നൂറുകണക്കിന് ബി.എൽ.എം കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി പരിപാടി ഉദ്ഘാടനം ചെയ്തു. ബി.എൽ.എം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദോഷ് കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ കുമാർ എൻ., ഡയറക്ടർ അനുറാം ഡി., ജി.എം. കാർത്തിക് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. അരുൺദേവ് സ്വാഗതവും പി. ഉഷാകുമാരി നന്ദിയും പറഞ്ഞു. ക്ലസ്റ്റർ ഹെഡ് കെ. വിനീത, സ്റ്റേറ്റ് ഹെഡ് എ.ജി. ബെഞ്ചമിൻ, സോണൽ ഹെഡ് കെ.പി. ഇന്ദിര, കോഡിനേറ്റർ പി. സഫിയ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *