ബത്തേരി: സുൽത്താൻ ബത്തേരി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനശക്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക് ജനജീവിതത്തെ സാരമായി ബാധിക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. രാവിലെ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരും ഉച്ചസമയത്തും വൈകുന്നേരങ്ങളിലും യാത്ര ചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. അടിയന്തര ചികിത്സയ്ക്കായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലും ഗതാഗതക്കുരുക്കിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ബത്തേരി നഗരത്തിന്റെ വികസനവും വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്കരണവും ബദൽ പാതയും വേണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു.
ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ജോസ് ബത്തേരി അധ്യക്ഷത വഹിച്ചു. ജോയ് ചീരാൽ സ്വാഗതം പറഞ്ഞു. നേതാക്കളായ മുഹമ്മദ് പെരിക്കല്ലൂർ, ബാബു പി.കെ, സുരേഷ് പയിമ്പ്ര, ബാബു മൂലങ്കാവ്, ഷെരീഫ് അമ്മയ്പ്പാലം, സജി സി., ശ്രീനിവാസൻ, സിറാജ് അമ്മായിപ്പാലം, കൊച്ചുമോൻ, ജംഷീർ ചുള്ളിയോട്, അരുൺ കുമാർ പടിഞ്ഞാറത്തറ, മനോജ് പി.എം, മുഹമ്മദ് കല്ലൂർ, ശ്രീകല താഴമുണ്ട, രാമചന്ദ്രൻ തൊട്ടാമൂല, വേണുഗോപാലൻ കോളിയാടി, പീറ്റർ, കെ. അസ്സീസ്, അശോകൻ തൊട്ടാമൂല, രാജൻ കൈപ്പഞ്ചേരി, ബാബു സി.ടി തുടങ്ങിയവർ പങ്കെടുത്തു.
