കൽപറ്റ: ഗോത്രബന്ധു പദ്ധതി പ്രകാരമുള്ള മെന്റർ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും സ്പെഷൽ റിക്രൂട്ട്മെന്റ് വഴി കൂടുതൽ നിയമനങ്ങൾ നടത്തണമെന്നും എകെഎസ് നേതൃത്വത്തിൽ നടന്ന മെന്റർ അധ്യാപകരുടെ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.
മറ്റ് അധ്യാപകർക്കു നൽകുന്നതുപോലെ മെന്റർ അധ്യാപകരുടെ വേതനം എല്ലാമാസവും രണ്ടിനു മുമ്പായി നൽകണം. ഇതിൽ കാലതാമസം വരുത്തുന്ന പട്ടികവർഗ വകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണ്. ദിവസവേതനത്തിന് പകരം മാസശമ്പളം നിശ്ചയിക്കണം. ഈ ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ 19ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചു.
കൺവൻഷൻ എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സീതാബാലൻ അധ്യക്ഷത വന്നിച്ചു. ആദിവാസി ഭൂസമര സമസഹായ സമിതി കൺവീനർ സി കെ ശശീന്ദ്രൻ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം വി എ ദേവകി, എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എം ആർ സുബ്രഹ്മണ്യൻ, വി കേശവൻ, വൈസ് പ്രസിഡന്റ് വി ഡി ലാൽ, സംസ്ഥാന കമ്മിറ്റി അംഗം ആർ രതീഷ്, വയനാട് ജില്ലാ സെക്രട്ടറി എ എം പ്രസാദ്, പ്രസിഡന്റ് പി വിശ്വനാഥൻ, മലപ്പുറം ജില്ലാ സെക്രട്ടറി ശിവദാസൻ, പ്രസിഡന്റ് വിനുമോൻ എന്നിവർ സംസാരിച്ചു. മെന്റർ അധ്യാപക വയനാട് ജില്ല കൺവീനർ അഖിൽ സ്വാഗതവും ഗാന്ധിമതി അട്ടപ്പാടി നന്ദിയും പറഞ്ഞു.
മെന്റർ അധ്യാപകരെ സ്ഥിരപ്പെടുത്തണം: സംസ്ഥാന കൺവൻഷൻ. _സെപ്റ്റംബർ 19ന് സെക്രട്ടേറിയറ്റ് മാർച്ച്_
