കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്ഥിരം പുനരധിവാസത്തിന്റെ സാമ്ബത്തിക ചെലവുകള്‍ കണക്കാക്കുന്നതിനും പുനർനിർമാണത്തിനുള്ള നിർദേശങ്ങള്‍ നല്കുന്നതിനുമായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) സംഘം വയനാട്ടിലെത്തി പ്രവർത്തനം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സംഘം കലക്ടറേറ്റില്‍ യോഗം ചേർന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
നാശനഷ്ടം കണക്കാക്കുമ്ബോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധിക്ക് പ്രാധാന്യം കൊടുക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുനരധിവാസമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടൗണ്‍ഷിപ്പ് സംബന്ധിച്ച് നിർദേശങ്ങള്‍ വരണമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സംഘം സന്ദർശിച്ചു. ഉരുള്‍പൊട്ടലില്‍ സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തുമെന്ന് ടീം ലീഡർ സെൻട്രല്‍ ബില്‍ഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ പ്രദീപ്കുമാർ പറഞ്ഞു. ഹ്രസ്വ, ഇടക്കാല, ദീർഘകാല പദ്ധതികള്‍ക്കുവേണ്ട റിപ്പോർട്ടാകും സമർപ്പിക്കുക. മേഖലാടിസ്ഥാനത്തില്‍ ദുരന്താനന്തര ആവശ്യങ്ങള്‍ നിർണയിക്കും. പഠനത്തിന്റെ ഭാഗമായുള്ള ലിഡാർ സർവേയും തുടങ്ങി. 31വരെ സംഘം ജില്ലയിലുണ്ടാകും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്ബർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസും സംഘത്തിന് നേതൃത്വം നല്‍കാനുണ്ട്. നിർദേശവും സാങ്കേതിക സഹായവും നല്‍കുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവുമുണ്ട്.
