കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അവധിദിവസങ്ങളില്‍ ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്നുമുതല്‍ ഒമ്പതുവരെയാണ് നിയന്ത്രണമെന്ന് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ ആറുചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 ചക്രത്തില്‍ കൂടുതലുള്ള ചരക്കുവാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ എന്നിവ ചുരത്തിലൂടെ കടന്നുപോകാൻ അനുവാദമില്ല. നാളെ രാവിലെ ആറുമുതല്‍ ഒമ്ബതുവരെയും ഈ നിരോധനം പ്രാബല്യത്തിലുണ്ടാകും. ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പിഴ ചുമത്തും.
താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
