കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതുപ്രകാരമെങ്കില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്കി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. ദുരന്തത്തിനു ഇരകളായതില്‍ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നല്കിയാല്ത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയില്‍ ഒതുങ്ങും. ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയില്‍ വീട് പണിയാനും ജീവിതമാര്‍ഗം തേടാനും ഈ തുക പര്യാപ്തമാണ്.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു നാട് ഒന്നിച്ചിറങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ആംബുലന്‍സുകളും മണ്ണുമാന്തി യന്ത്രങ്ങളും സൗജന്യ സേവനത്തിനു എത്തി. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തബാധിതര്‍ക്കും വിവിധ സംഘടനകള്‍ ദിവസങ്ങളോളം ഭക്ഷണം ലഭ്യമാക്കി. വിവിധ തരം വസ്ത്രങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു എത്തി. ഇനി വസ്ത്രങ്ങള്‍ ആരും അയയ്ക്കേണ്ടതില്ലെന്നു ജില്ലാ ഭരണകൂടം പറയേണ്ട സാഹചര്യം സംജാതമായി. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സഹായിച്ചതും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരുമാണ്. എന്നിട്ടും ഓരോ ഇനത്തിലും സര്‍ക്കാര്‍ കോടികളുടെ ചെലവ് കണക്കാക്കിയത് അദ്ഭുതപ്പെടുത്തുന്നതാണെന്നു പൗലോസ് പറഞ്ഞു.
പുഞ്ചിരിമട്ടം ദുരന്തം:കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്കി പുനരധിവാസം പൂര്‍ത്തിയാക്കണം: കെ.എല്‍. പൗലോസ്
