കല്‍പ്പറ്റ: ജില്ലയില്‍ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന 10 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനുള്ള വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നീക്കത്തിനു പിന്തുണയുമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍. ചേംബര്‍ മേപ്പാടി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവയാണ് സഹായ സന്നദ്ധത അറിയിച്ചത്.
ഹിമാചല്‍ പ്രദേശിലെ ഐഐടി മണ്ഡിയിലെ വിദഗ്ധര്‍ വികസിപ്പിച്ച ഉരുള്‍പൊട്ടല്‍ പ്രവചന സംവിധാനമാണ് ജില്ലാ ഭരണകൂടവമായി സഹകരിച്ച് ചെമ്പ്ര, ലക്കിടി ചുരം കവാടം, കുറുമ്പാലക്കോട്ട, ബാണാസുരന്‍മല, മണിക്കുന്നുമല ,അമ്പുകുത്തിമല, അട്ടമല തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ചേംബര്‍ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ചേംബര്‍ പ്രതിനിധികള്‍ ഐഐടിയി മണ്ഡിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.
കോണ്‍ക്ലേവ് അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍ അധ്യക്ഷത വഹിച്ചു. ഐഐടി മണ്ഡിയിലെ ഡോ.വരുണ്‍ദത്ത് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം പരിചയപ്പെടുത്തി. ടി. സിദ്ദിഖ് എംഎല്‍എ, റിലയന്‍സ് ഫൗണ്ടേഷന്‍ മേധാവി അനിമേഷ് പ്രകാശ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നോര്‍ത്ത് കേരള സോണല്‍ ചെയര്‍മാന്‍ സന്തോഷ് കാമത്ത്, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡിജിഎം ഡോ.ഷാനവാസ് പള്ളിയാല്‍, ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, ടൂറിസം കണ്‍സള്‍ട്ടന്റ് സുമേഷ് മംഗലശേരി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി സിഇഒ രാജേഷ് കൃഷ്ണന്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.പി. എല്‍ദോ, ന്യൂസ് മലയാളം പ്രതിനിധി അനഘ, ആല്‍വിന്‍ കെന്റ്, ദുരന്തഭൂമിയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ രമേശ്, ബഷീര്‍, ബെന്നി, ചേംബര്‍ സെക്രട്ടറി എം.ഡി. ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.
ഉരുള്‍പൊട്ടല്‍ പ്രവചന സംവിധാനം: പിന്തുണയുമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍.
