മുട്ടില്‍: അവധി ദിവസങ്ങളില്‍ അനധികൃതമായി മണ്ണ് എടുത്ത് ടിപ്പറില്‍ കടത്തുന്നത് ചോദ്യം ചെയ്ത മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനനെ ടിപ്പര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച ഡ്രൈവറേയും, മണ്ണ് ഉടമസ്ഥനേയും ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് യു.ഡി.എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
മണ്ണ് മാഫിയകള്‍ ഉദ്യോഗസ്ഥ ലോബിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.
കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ട് വന്നിട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മുട്ടില്‍ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സലാം നീലിക്കണ്ടി, ദാസന്‍ കോട്ട കൊല്ലി, സുന്ദര്‍രാജ് എടപ്പെട്ടി, ഒ.കെ. സക്കീര്‍, കെ.എം. ഇബ്രാഹീം, ബാബു പിണ്ടിപ്പുഴി, ഉസ്മാന്‍ കോയ ദാരിമി, കെ.എം. അലി, അഷ്‌റഫ് ചിറക്കല്‍, നിഷീദ്, അഹമ്മദ് കുട്ടി കല്ലിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
