പുൽപ്പള്ളി: ബൈരക്കുപ്പ പാലത്തിന്റെ പേരിൽ കോൺഗ്രസ്സ് നടത്തുന്നത് സമരാഭാസമാണന്ന് സി.പി.എം. പുൽപ്പള്ളി ഏരിയാ കമ്മിറ്റി.തറക്കല്ലിട്ട് 30 വർഷം പൂർത്തീകരിക്കാൻ പോകുന്ന ഘട്ടത്തിലാണ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. ഇത് ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ശ്രമത്തിൻന്റെ ഭാഗമാണ്. കേന്ദ്രവും കേരളവും കർണ്ണാടകവും കോൺഗ്രസ്സ് ഭരിക്കുകയും രാഹുൽ ഗാന്ധി ദേശീയ നേതാവായും പാർലിമെൻ്റ് അംഗമായും ഇരുന്നപ്പോൾ പാലം നിർമ്മിക്കുന്നതിൽ നിശ്ശബദ്ധത പാലിച്ചത് എന്തിനെന്ന് കോൺഗ്രസ്സ് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ഇപ്പോൾ കർണ്ണാടകം ഭരിക്കുന്നത് കോൺഗ്രസ്സാണ്. പാലം നിർമ്മിക്കേണ്ട സ്ഥലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ കേരള സംസ്ഥാനത്തിൻ്റെതായുള്ളു. പാലം നിർമ്മിക്കുന്ന ഘട്ടം വന്നാൽ ചെലവിൻ്റെ പകുതി സംസ്ഥാനം വഹിക്കുമെന്ന് കേരള സർക്കാർ തന്നെ മുൻപ് വ്യക്തമാക്കിയതാണ്. പാലത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടുന്ന അപ്രോച്ച് റോഡ് പൂർണ്ണമായും കർണ്ണാടക സംസ്ഥാനത്തിൻ്റെതാണ്.ഇതാകട്ടെ വനഭൂമിയുമാണ് . ഇവിടെ നിർമ്മാണ പ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും അനുമതി നിർബന്ധമാണ്. ഈ അനുമതി നേടിയെടുക്കാൻ കഴിഞ്ഞ അഞ്ച് വർഷക്കാലം എം.പി.യായിരിന്ന രാഹുൽ ഗാന്ധി ഒന്നും ചെയ്‌തില്ല. വരാൻ പോകുന്ന ലോക് സഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണ് ഈ സമരം. കോൺഗ്രസ്സിനകത്തെ കടുത്ത ചേരിതിരിവും തമ്മിൽ തല്ലും മറച്ച് വെക്കുന്നതിനാണ് കെ.പി.സി.സി മെമ്പറുടെ നേതൃത്വത്തിൽ സമരം ചെയുന്നത്. ഒരു ജനതയുടെയാകെ എല്ലാ വിധ പൗരാവകാശങ്ങളും നിഷേധിച്ച് സഞ്ചാരസ്വാതന്ത്ര്യം തടയുന്ന രാത്രിയാത്രാ നിരോധനം നീക്കാൻ കേന്ദ്രവും കേരള-കർണ്ണാടക സംസ്ഥാനങ്ങളും ഒന്നിച്ച് ഭരിച്ചപ്പോൾ ഒന്നും ചെയ്യാത്ത കോൺഗ്രസ്സും രാഹുൽ ഗാന്ധിയും ജനങ്ങളെ വഞ്ചിക്കുകയായിരിന്നു. ഇവരാണിപ്പോൾ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സമരരംഗത്ത് വരുന്നത് പരിഹാസ്യമാണ്. നാടിനോട് പ്രതിബദ്ധതയുണ്ടങ്കിൽ കോൺഗ്രസ്സ് നേതൃത്വം ജനങ്ങളോട് മാപ്പ് പറഞ്ഞ് ഇത്തരം സമരാഭാസങ്ങളിൽ നിന്ന് പിൻമാറണം. പി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, രുക്‌മണി സുബ്രഹ്‌മണ്യൻ, സജി മാത്യു, എ.വി. ജയൻ, ബിന്ദു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
