കൽപ്പറ്റ : നിർദിഷ്ട മൈസൂർ – കുട്ടാ – മാനന്തവാടി – കുറ്റിയാടി – പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത പ്രധാനമന്ത്രിയുടെ “ഗതിശക്തി” പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കുവാൻ ഉടൻ അടിയന്തര നടപടി സ്വീകരിക്കുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാവണമെന്ന് പുറക്കാട്ടിരി (കോഴിക്കോട്) – പേരാമ്പ്ര – കുറ്റ്യാടി – മാനന്തവാടി ഗോണിക്കുപ്പ – മൈസൂർ ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി എം ഐ യുപി സ്കൂളിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ആവശ്യപ്പെട്ടു. രാത്രികാല യാത്രാ നിരോധനം മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലബാറുകാരായ വിവിധ രംഗങ്ങളിലെ യാത്രക്കാർക്ക് കർണാടകയുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന ദൈർഘ്യം കുറഞ്ഞ, രാത്രികാല യാത്ര നിരോധനം ഇല്ലാത്ത, നിലവിലുള്ള ഏക പാതയാണിത്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരുമാണ് രാത്രിയിൽ ഈ റോഡിനെ ആശ്രയിക്കുന്നത്. വനംവകുപ്പിന്റെ ഭൂമി ആവശ്യമില്ലാത്ത കുറഞ്ഞ ചിലവിൽ നിർമിക്കാവുന്ന, താമരശ്ശേരി ചുരത്തിലെ ദിനംപ്രതിയുള്ള യാത്ര കുരുക്കിന് ശാശ്വത പരിഹാരം ആകുന്ന, യാതൊരു സാങ്കേതിക തടസ്സങ്ങളോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാത്ത വനസംരക്ഷണം ഉറപ്പാക്കുന്ന 24 മണിക്കൂറും ബസ് ഗതാഗതം നടക്കുന്ന പാതയാണിത്. മലബാറിന്റെ സമഗ്ര മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള വളർച്ചക്കും വൻ കുതിപ്പേകുന്ന പദ്ധതിയാണിത് . കോഴിക്കോട് മൈസൂർ എന്ന രണ്ട് പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന പാത എന്ന നിലയിൽ ഇതിന് വളരെ പ്രാധാന്യമുണ്ട്. രാജ്യത്തെ 44 സാമ്പത്തിക ഇടനാഴികളിൽ ഒന്നായി പ്രഖ്യാപിച്ച ബാംഗ്ലൂർ – മലപ്പുറം ഇടനാഴി ഭാരത് മാല പദ്ധതികൾ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. വയനാടിന്റെയും മലബാറിന്റെയും പൊതു വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതിയാണിത്, ഒരു റോഡിനും ബദൽ അല്ല ഈ പദ്ധതി. വനമേഖലയേയും പാരിസ്ഥിതി ലോല മേഖലയെയും ഒഴിവാക്കി കൊണ്ടാണ് ഈ റോഡ് ക്രമീകരിച്ചിരിക്കുന്നത്.
യോഗത്തിൽ ദേശീയപാത വികസന സമിതി കോഡിനേറ്റർ സോജൻ ആലക്കൽ അധ്യക്ഷത വഹിച്ചു. ഈ പദ്ധതിക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്കരി അടുത്തകാലത്ത് അറിയിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേശീയപാത വികസന സമിതി ചെയർമാൻ കെ എ ആൻറണി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന എൻഎച്ച് 66 ആറുവരി പാതയുടെ പണി പൂർത്തീകരിക്കുന്നതോടെ മൈസൂരിനെ കൊച്ചി വിഴിഞ്ഞം തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധപ്പെടുത്തുവാൻ ഈ പാതയ്ക്ക് കഴിയും എന്നത് വൻ നേട്ടമാണ്. 2018ൽ നിർദിഷ്ട ദേശീയപാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഇപ്പോഴത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി കേളുവിന്റെയും ഇ കെ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ ഈ റോഡ് കടന്നുപോകുന്ന വിവിധ നിയോജക മണ്ഡലത്തിലെ എംഎൽഎമാരായ മന്ത്രി ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പാറക്കൽ അബ്ദുള്ള, പുരുഷൻ കടലുണ്ടി, സി കെ നാണു എന്നിവർ ഒപ്പിട്ട നിവേദനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിക്കും സമർപ്പിച്ചിരുന്നു എന്ന് യോഗം ചൂണ്ടിക്കാട്ടി, ഈ റോഡ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിഗണനയിൽ ഉണ്ടെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും സംസ്ഥാന ഗവൺമെന്റിന്റെയും ഭാഗത്തുനിന്ന് ശക്തമായ സമ്മർദ്ദം ഇനിയും ഉണ്ടാകണം എന്നും യോഗം ആവശ്യപ്പെട്ടു. ഈപാത കടന്നു പോകുന്ന തിരുനെല്ലി പഞ്ചായത്തു മുതൽ കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തുവരെയുള്ള മിക്ക ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും ഈ റോഡ് യാഥാർഥ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രേമേയം പാസാക്കി കേന്ദ്ര – സംസ്ഥാന ഗവണ്മെന്റുകൾക്ക് അയച്ചിരുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി.
ഒക്ടോബർ 27ന് ശനിയാഴ്ച കുറ്റ്യാടി യുപി സ്കൂളിൽ വച്ച് വമ്പിച്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു അന്നത്തെ യോഗത്തിൽ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
യോഗത്തിൽ പി പി ആലിക്കുട്ടി , കെ സി കൃഷ്ണൻ, അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, രഘുനാഥ് സി പി, ജോൺസൻ കളത്തൂർ, സാജൻ ജേക്കബ്, ഡൊമിനിക് ചെറിയാൻ ,റോബിൻ ജോസഫ് , സതീശൻ മൊകേരി, ജോസ്, ജോൺസൻ പി വി തുടങ്ങിയവർ പ്രസംഗിച്ചു
നിർദിഷ്ട മൈസൂർ – കുട്ടാ – മാനന്തവാടി – കുറ്റിയാടി – പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത ഉടൻ യാഥാർത്ഥ്യമാക്കണം: ദേശീയ പാത വികസന സമിതി സമിതി
