മാനന്തവാടി : മക്കിമല ഗവ.ആശ്രമം സ്കൂളിനോട് അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സ്കൂൾ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
ഒന്ന് മുതൽ പത്ത് വരെയുള്ള പട്ടിക വർഗ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ 2013-2014 കാലയളവിലെ യുഡിഎഫ് സർക്കാർ വയനാടിന് അനുവദിച്ചതായിരുന്നു ആശ്രമം സ്കൂൾ.ഇതിനായി മക്കിമലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തോട്ടത്തിലെ പത്ത് ഏക്കർ സ്ഥലം നിർമാണം ഏറ്റെടുത്ത കിറ്റ്കോക്ക് കൈമാറുകയും ചെയ്തിരുന്നു.ഗേൾസ്, ബോയ്സ്
ഹോസ്റ്റലുകളടക്കമുള്ളവയുടെ നിർമാണത്തിനായി 19.20 കോടി രൂപയായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. 2016 ൽ നിർമാണം തുടങ്ങി
8 വർഷങ്ങൾക്കിപ്പുറവും സ്കൂൾ നിർമാണം പൂർത്തിയായിട്ടില്ലന്ന് മാത്രമല്ല ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ നിർമാണ സാമഗ്രികൾ അധികൃതരെ അനാസ്ഥ കാരണം സാമൂഹിക വിരുദ്ധർ മോഷ്ട്ടിച്ചു കൊണ്ട് പോവുന്ന അവസ്ഥയിലാണ്.
നിർമാണം പൂർത്തിയാവാത്തത് കൊണ്ട് തന്നെ വന്യജീവികളുടെയും സാമൂഹിക വിരുദ്ധരുടെ താവളവുമായി ഇത് മാറിയിട്ടുണ്ട്.
ജനങ്ങളിൽ നിന്ന് പിരിച്ച നികുതി പണം കൊണ്ട് നിർമിക്കുന്ന ഇത്തരം പൊതുസ്വത്തുകളോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അംഗീകരിക്കാനാവില്ല.
ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയിലെ കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന സ്കൂളിന്റെ നിർമാണം ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ അധികൃതർ കൈകൊള്ളണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമര പരിപാടികളുമായി പാർട്ടി രംഗത്തിറങ്ങുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സൽമ അഷ്‌റഫ്, ജോയിന്റ് സെക്രട്ടറി മമ്മുട്ടി കെ, കമ്മിറ്റിയംഗങ്ങളായ സുബൈർ, സുമയ്യ വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം സെക്രട്ടറി സജീർ എംടി സ്വാഗതവും ജോയിന്റ് സെക്രട്ടറി സകരിയ്യ നന്ദിയും പറഞ്ഞു.
