മീനങ്ങാടി: പുഞ്ചിരിമട്ടം ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പോലീസ് സേനാംഗങ്ങള്‍ക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ വീട് നിര്‍മിക്കുന്നതിനു സംഘം പാലക്കമൂലയില്‍ വാങ്ങിയ 27.5 സെന്റ് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. കല്‍പ്പറ്റ സ്റ്റേഷനിലെ അനസ്, മേപ്പാടി സ്റ്റേഷനിലെ ബിന്‍സിയ നസ്രിന്‍, കോഴിക്കോട് സിറ്റി സ്റ്റേഷനില ഷിഹാബുദ്ദീന്‍ എന്നിവര്‍ക്കാണ് ഭൂമി വാങ്ങിയത്. മൂന്നുപേര്‍ക്കും ഒന്‍പത് സെന്റിനു മുകളില്‍ ഭൂമി ലഭിക്കും. വീട് നിര്‍മാണം കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് എടുത്തിരിക്കുന്നത്. എത്രയും വേഗം പ്രവൃത്തി പൂര്‍ത്തിയാക്കി കൈമാറും.
ആധാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഗുണഭോക്താക്കള്‍ക്ക് കൈമാറി. സംഘം വൈസ് വൈസ് പ്രസിഡന്റ് സി.ആര്‍. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയായി. സംഘം ഡയറക്ടര്‍ പി.സി. സജീവ് സ്വാഗതവും സെക്രട്ടറി സാലിമോള്‍ കോശി നന്ദിയും പറഞ്ഞു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസിലിരിക്കേ മരിച്ച ബത്തേരി സ്റ്റേഷനിലെ ജിന്‍സന്‍ സണ്ണിയുടെ സിപിഎഎസ് ആനുകൂല്യം നല്‍കി
പുഞ്ചിരിമട്ടം ദുരന്തം: പോലീസ് സേനാംഗങ്ങള്‍ക്കു വാങ്ങിയ ഭൂമിയുടെ ആധാരം കൈമാറി
