കല
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ഇടപെടൽ നടത്തുന്നതിന് പഞ്ചായത്ത്തല എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത നവ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആഴ്ചയിലൊരിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ അവലോകന യോഗം നടത്തണമെന്നും മന്ത്രി അറിയിച്ചു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായി പിഴ ഈടാക്കണം. പിഴ ഒടുക്കുന്നത്തിൽ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് തടയണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1000 കോടിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ പ്രവർത്തനം 2025 ഏപ്രിലോടെ പൂർത്തീകരിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം ത്രിതലപഞ്ചായത്തിന്റെ അധീനതയിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്താൽ ബോർഡ് നീക്കം ചെയ്തവരിൽ നിന്നും 5000 രൂപ പഞ്ചായത്ത് സെക്രട്ടറിക്ക് ഈടാക്കാമെന്നും തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒഴിവുള്ള തദ്ദേശ സ്ഥാപനങ്ങളിൽ താത്ക്കാലിക നിയമനം നടത്തി ഒഴിവ് നികത്തണം. ലൈഫ് ഭവനനിർമ്മാണ പദ്ധതിയിലെ ഗുണഭോക്കാക്കളെ കണ്ടെത്തുമ്പോൾ അതിദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് മുൻഗണന നൽകണം. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഒക്ടോബർ മാസത്തിൽ ജില്ലയിൽ നടത്തിയ ജില്ലാതല അദാലത്തിലെ പരാതികൾ സംബന്ധിച്ച് മന്ത്രി അവലോകനം ചെയ്തു. ലഭിച്ച പരാതികളിൽ രണ്ട് പരാതികൾ മാത്രമാണ് ഇനി തീർപ്പാക്കാനുള്ളത്. മാലിന്യമുക്ത നവകേരളം, അതിദാരിദ്ര നിർമ്മാർജനം, ലൈഫ് ഭവന നിർമ്മാണം, ഡിജികേരളം പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശീറാം സാംബശിവ റാവു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, അസിസ്റ്റന്റ് കളക്ടർ എസ്.ഗൗതംരാജ്, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, സെക്രട്ടറിമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല എൻഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്
