Headlines

അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം: സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ

കോഴിക്കോട്: അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമാക്കി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

 

കോഴിക്കോട് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. എൻ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. ആർ. സന്തോഷ് കുമാർ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, അഡ്വ. ഷാജൻ മഞ്ഞളി, അഡ്വ. കെ. വി. രാമചന്ദ്രൻ, അഡ്വ. ജുനൈദ് കൈപ്പാണി തുടങ്ങിയവർ സംസാരിച്ചു.

 

കോടതികളിൽ കക്ഷികൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർ, കക്ഷികളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിയമവിധേയമായി എതിർകക്ഷിയുടെ വാദങ്ങളെ ഖണ്ഡിക്കുന്നതിനായി മുന്നോട്ടുവയ്ക്കുന്ന വാദങ്ങളിൽ പ്രകോപിതരായി അഭിഭാഷകരെ കൈയേറ്റം ചെയ്യുന്ന പ്രവണത ആവർത്തിച്ചുവരുന്നതായി യോഗം ചൂണ്ടിക്കാട്ടി.

 

ഇത്തരം പ്രവണതകൾ തടയപ്പെടേണ്ടത് അഭിഭാഷകരുടെ സ്വതന്ത്രവും നിർഭയവുമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അഭിഭാഷകർക്ക് സ്വതന്ത്രമായും ഭയരഹിതമായും പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്തേണ്ടത് കോടതി നടപടികളുടെ സുഗമമായ നടത്തിപ്പിനും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും അനിവാര്യമാണ്.

 

അഭിഭാഷകർക്കുനേരെയുള്ള കൈയേറ്റങ്ങളും കടന്നാക്രമണങ്ങളും തടയുന്നതിനും അവരുടെ തൊഴിൽപരമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അഭിഭാഷക സംരക്ഷണ നിയമം അടിയന്തരമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *