കാട്ടിക്കുളത്ത് വീണ്ടും കാട്ടാന ആക്രമണം; നെൽകൃഷിയും കാപ്പിയും വാഴയും നശിപ്പിച്ചു

കാട്ടിക്കുളം: ടൗണിന് സമീപം വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കണികൂടി പങ്കജം, കണികൂടി മണികണ്ഠൻ എന്നിവരുടെ നെൽകൃഷി, കാപ്പി, വാഴ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. ശക്തമായ വൈദ്യുതവേലിയും ഗേറ്റും തകർത്താണ് ആന തോട്ടത്തിൽ പ്രവേശിച്ചത്.

രണ്ടാഴ്ച മുമ്പ് ഇതേ ആന കാട്ടിക്കുളം ടൗണിന് സമീപമുള്ള താണിക്കുഴി സത്യ വൃതൻ, നസീമ മൻസിൽ റുഖിയ, അഷറഫ് എന്നിവരുടെ തോട്ടങ്ങളിലും കയറി കൃഷി നശിപ്പിച്ചിരുന്നു. അന്ന് ടി.സി. ജോസഫിന്റെ വൈദ്യുതവേലി തകർത്താണ് ആന തോട്ടത്തിലെത്തിയത്.

ടോർച്ചിന്റെ വെളിച്ചം കണ്ടാൽ മറഞ്ഞുനിൽക്കുകയും ആളുകൾ അടുത്തെത്തുമ്പോൾ ഓടിയെത്തി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ആനയ്ക്കുള്ളതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ചേലൂർ മണ്ണുണ്ടി ഭാഗത്തെത്തിയ ആനയെ തുരത്താനെത്തിയ വനപാലകർക്ക് നേരെയും ആന പാഞ്ഞടുത്തു. തുടർന്ന് ദ്രുതപ്രതികരണ സേന (ആർ.ആർ.ടി.) എത്തിയാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.

വെള്ളാംചേരി കുഞ്ചിലിനെ കൊന്നതും ഇതേ ആനയാണെന്നാണ് നാട്ടുകാർ പറയുന്നത്. ആറുമാസം മുമ്പ് ചേലൂർ ചിന്നനെ ടോർച്ചിന്റെ വെളിച്ചം കണ്ട് ഓടിയെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

കൃഷിനാശത്തിന് ലഭിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും അതിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഇതുമൂലം പലരും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ തയ്യാറാകുന്നില്ലെന്നും അവർ പറയുന്നു.

ആളുകൾക്കും കൃഷിക്കും നിരന്തരം ഭീഷണിയാകുന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ നിയന്ത്രണത്തിൽ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *