കാന്തന്‍പാറയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ടി സിദ്ദിഖ്

മേപ്പാടി: കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തില്‍ വീണ് സുല്‍ത്താന്‍ബത്തേരി ചീരാല്‍ വെള്ളച്ചാല്‍ സ്വദേശി വെട്ടുകല്ലില്‍ അമല്‍വിഷ്ണു (32) മരിച്ചിരുന്നു. കാന്തന്‍പാറയില്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിനോദസഞ്ചാരത്തിനെത്തുന്ന യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാവുന്ന സ്ഥിതിയുണ്ടാകുന്നത് സങ്കടകരമായ കാര്യമാണ്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പണ്‍ 52-കാന്തന്‍പാറ റോഡിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി സുരേഷ്ബാബു, ജോസ് കണ്ടത്തില്‍, പഞ്ചായത്ത് അംഗം റഫീഖ്, പൗലോസ് നീറാമ്പുഴ, ടി പി ജോസ്, ഡി ടി പി സി സീനിയര്‍ മാനേജര്‍ ഹരിഹരന്‍ സി ആര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *