കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കൃഷിയിലേക്ക് മാറണം: കൃഷിമന്ത്രി ടി. സിദ്ദിഖ്

കൊല്ലം: കാലാവസ്ഥാ വ്യതിയാനവും കാലാവസ്ഥയിലെ അസ്ഥിരതയുമാണ് ഇന്ന് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇതിനെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ വ്യാപകമായി അവലംബിക്കേണ്ട സമയമാണെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിരോധ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി കേര പദ്ധതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കൊല്ലം ATMA കിസാൻ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കർഷകരെ മണ്ണിൽ ഉറപ്പിച്ചുനിർത്തുകയെന്നത് സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. കർഷകർ നേരിടുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായാണ് കൃഷിവകുപ്പ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.

 

പുതുതലമുറയെ കാർഷിക മേഖലയുമായി ബന്ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ‘കതിർ’ കാർഷിക ക്ലബ്ബുകൾ ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16-ന് വിദ്യാലയങ്ങളിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 500 സ്കൂളുകളിലാണ് ക്ലബ്ബുകൾ ആരംഭിക്കുന്നത്. ഓരോ സ്കൂളിനും കുറഞ്ഞത് ₹10,000 വീതം അനുവദിക്കും. നോഡൽ ടീച്ചർ, പരിശീലനം, കാർഷിക സന്ദർശനം, വിപണനം, പ്രോഗ്രസ് കാർഡ്, വിലയിരുത്തൽ തുടങ്ങിയ ഘടകങ്ങൾ പദ്ധതിയുടെ ഭാഗമാകും. തുടർന്ന് കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

 

സ്കൂളുകളിലെ കൃഷിയിൽ മാത്രം പദ്ധതി ഒതുങ്ങാതെ കുട്ടികളിലൂടെ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. സ്കൂളിലും വീട്ടിലും കൃഷിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് എൻ.സി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കലാ–കായിക മേഖലകളിലേതിന് സമാനമായി ഗ്രേസ് വെയിറ്റേജ് മാർക്ക് നൽകുന്നതിനുള്ള നടപടികളിലേക്കും സർക്കാർ കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

 

2026 അന്താരാഷ്ട്ര വനിതാ കർഷക വർഷത്തിന്റെ പശ്ചാത്തലത്തിൽ വനിതകളുടെ കാർഷിക പങ്കാളിത്തവും സംരംഭകത്വവും ശക്തിപ്പെടുത്തുന്നതിനായി അഞ്ചുവർഷത്തെ ‘കൃഷി സഖി’ പദ്ധതി നടപ്പാക്കും. പദ്ധതിക്കായി ഈ വർഷം ₹350 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ തുക ലഭ്യമാക്കി വനിതകളുടെ നേതൃത്വത്തിലുള്ള കാർഷിക പ്രവർത്തനങ്ങളും സംരംഭങ്ങളും ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

സുരക്ഷിത ഭക്ഷ്യോൽപാദനത്തിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. പരിശോധിച്ച 1,258 പച്ചക്കറി സാമ്പിളുകളിൽ 62 എണ്ണത്തിൽ ക്രമാതീതമായ കീടനാശിനി സാന്നിധ്യം കണ്ടെത്തിയ സാഹചര്യം ഗൗരവത്തോടെ കാണണം. ലഭ്യമായ ചെറിയ സ്ഥലങ്ങൾ പോലും പ്രയോജനപ്പെടുത്തി കുടുംബങ്ങൾ സുരക്ഷിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. കുട്ടികളും മാതാപിതാക്കളും ഒരുമിച്ച് കൃഷിയിലേക്ക് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.

 

കഴിഞ്ഞ ഓണക്കാലത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 കർഷക ചന്തകൾ സംഘടിപ്പിച്ചു. ഇത്തവണ ചന്തകളുടെ പ്രവർത്തനം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കിയതിനൊപ്പം കർഷകരിൽ നിന്ന് സംഭരിച്ച കാർഷികോൽപ്പന്നങ്ങളുടെ വില അന്നുതന്നെയോ പിറ്റേന്ന് രാവിലെയോ നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംഭരിച്ച നെല്ലിന്റെ തുക പൂർണമായി നൽകാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.

 

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവൽക്കരണത്തിനും കൂടുതൽ പ്രാധാന്യം നൽകും. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ കേരളത്തിന് അനുവദിച്ച ₹2,250 കോടിയിൽ ₹1,720 കോടി വിനിയോഗിച്ചിട്ടുണ്ട്. ലഭ്യമായ വിഹിതം പരമാവധി പ്രയോജനപ്പെടുത്തി കർഷകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ഡ്രോൺ പരിശീലനം സംസ്ഥാനത്താകെ ആരംഭിക്കുന്നതിനൊപ്പം കാർബൺ ക്രെഡിറ്റ് കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കും. പ്രിസിഷൻ ഫാമിംഗ്, ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, ഡ്രോൺ സാങ്കേതികവിദ്യ, മൂല്യവർധന, കയറ്റുമതി തുടങ്ങിയ ആധുനിക സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

 

“കർഷകനില്ലെങ്കിൽ അന്നമില്ല; അന്നമില്ലെങ്കിൽ മനുഷ്യനില്ല” എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് കർഷകരെ സംരക്ഷിക്കുകയും കാർഷിക മേഖലയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് പരമാവധി അടുപ്പിക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

 

കർഷകരെയും കാർഷിക അനുബന്ധ മേഖലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് നൂതന സാങ്കേതികവിദ്യകൾ കർഷകരിലെത്തിക്കുന്നതിനുള്ള ATMAയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെപ്റ്റംബർ 7, 8 തീയതികളിൽ കിസാൻ മേള സംഘടിപ്പിക്കുന്നത്. 2022 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ATMA, LEADS എന്നിവയുടെ കർഷക കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ 145 കാർഷിക സാങ്കേതികവിദ്യകൾ കൊല്ലം ജില്ലയിലെ വിവിധ കൃഷിയിടങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ATMA, KVK, FSRS എന്നിവ സംയുക്തമായി തിരഞ്ഞെടുത്ത എട്ട് പ്രധാന കാർഷിക സാങ്കേതികവിദ്യകളുടെ പ്രചാരണത്തിനും പരിശീലനത്തിനും കിസാൻ മേളയിലൂടെ തുടക്കം കുറിച്ചു. കാർഷിക പ്രദർശന–വിപണന മേള, കർഷക–ശാസ്ത്രജ്ഞ മുഖാമുഖം, പരിശീലന പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.

 

ഇരവിപുരം എം.എൽ.എ. അഡ്വ. വിഷ്ണു മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ കളക്ടർ ആനിജൂല തോമസ് ഐ.എ.എസ്., കൊല്ലം മേയർ എ.കെ. ഹഫീസ്, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംന നൗഷാദ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ ആർ., കൃഷി അഡീഷണൽ ഡയറക്ടർ സപ്ന എസ്., ജില്ലാ കൃഷി ഓഫീസർ അനീസ എം.എസ്. എന്നിവർ പങ്കെടുത്തു. ATMA കൊല്ലം പ്രോജക്ട് ഡയറക്ടർ പ്രീത എൽ. സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ നവാസ് ഡി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *