ഡൽഹി: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിച്ച ഇ-ചലാനുകളുടെ പിഴ അടയ്ക്കാത്തവരില്‍ നിന്ന് തുക ഈടാക്കാൻ പുതിയ മാർഗങ്ങള്‍ കണ്ടെത്തണമെന്ന നിർദേശവുമായി സുപ്രീം കോടതി.
കുടിശ്ശികയായ ട്രാഫിക് ചലാൻ തുക വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്നതിനെക്കുറിച്ചുള്ള നിർദേശം കോടതി മുന്നോട്ടുവച്ചു. ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ചാണ് ഇ-ചലാൻ നടപടികളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഇക്കാര്യം നിർദേശിച്ചത്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇ-ചലാൻ നല്കുന്നതില് മാത്രമല്ല പിഴത്തുക ഈടാക്കുന്നതിലും ശ്രദ്ധ വേണമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. വൈദ്യുതി ബില്ലിനൊപ്പം ചലാൻ തുകയും ചേർക്കണം. പിഴ ആളുകള്‍ അടയ്ക്കാൻ തയ്യാറായില്ലെങ്കില്‍ അത് വൈദ്യുതി കുടിശ്ശികയ്ക്കൊപ്പം ചേർത്ത് ഈടാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി നിരീക്ഷിച്ചു. വൈദ്യുതി ബില്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്നതിനാല് കുടിശ്ശിക ഈടാക്കാൻ ഇത് പ്രായോഗിക മാർഗമാകുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍, വൈദ്യുത ബില്ലിനൊപ്പം ചലാൻ തുക ഈടാക്കണമെന്നത് അന്തിമ ഉത്തരവല്ലെന്നും ഹിയറിംഗിനിടെ പരിഗണിക്കാവുന്ന ഒരു നിർദേശം മാത്രമാണിതെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45,000 കോടി രൂപയുടെ ഇ-ചലാൻ കുടിശ്ശികയുണ്ടെന്നാണ് കോടതിയില്‍ ലഭിച്ച വിവരം. ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഇ-ചലാനുകള്‍ നല്കാൻ പൊലീസിന് കഴിയുമെങ്കിലും അവയുടെ പിഴത്തുക എങ്ങനെ ഈടാക്കുമെന്നതാണ് പ്രധാന പ്രശ്നമെന്ന് ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടുകയായിരുന്നു.
കൂടാതെ, കുടിശ്ശികയുള്ള ചലാനുകള്‍ ഈടാക്കാൻ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നത് തടയുന്നതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നല്‍കുന്നതും വാഹന ഉടമസ്ഥാവകാശം മാറ്റുന്നതും പിഴ ലഭിക്കുന്നതുവരെ തടഞ്ഞുവയ്ക്കാം. വാഹനത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നല്കാതിരിക്കുന്നതും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പരിവാഹൻ പോർട്ടലില്‍ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുന്നതും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയുന്നതും കോടതി മുന്നോട്ടുവച്ച നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇതിനുപുറമേ, നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുക, കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റ് നല്‍കാതിരിക്കുക, വാഹനങ്ങളില്‍ ഇടയ്ക്ക് പരിശോധന നടത്തുക തുടങ്ങിയ മാർഗങ്ങളും കോടതി പരിഗണിച്ചു. ആവശ്യമായ സാഹചര്യത്തില്‍ കുടിശ്ശികയുള്ള ഇ-ചലാൻ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാമെന്ന് കോടതി പറഞ്ഞു.
