നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത നിർമ്മാണം; നടപടിയെടുക്കാതെ നഗരസഭയെന്ന് ആരോപണം

മാനന്തവാടി: ജീവനും സ്വത്തിനും ഭീഷണിയായ കെട്ടിട നിർമ്മാണത്തിനെതിരെ നഗരസഭ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വള്ളിയൂർക്കാവ് റോഡിൽ വീണ ടാക്കീസിന് സമീപം എട്ട് സെന്റ് സ്ഥലത്ത് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മൂന്ന് നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച 2023 മുതൽ പരാതികൾ ഉന്നയിച്ചിരുന്നതിനെ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി ഒരാഴ്ച പ്രവർത്തികൾ നിർത്തിവെപ്പിച്ചിരുന്നെങ്കിലും പിന്നീട് നിർബാധം നിർമ്മാണം തുടരുകയായിരുന്നു. രണ്ട് മീറ്റർ താഴ്ചയിൽ നിലവിൽ വെള്ളമുള്ള സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ പില്ലറുകൾക്ക് മതിയായ ബലമോ, വലിപ്പമോ, താഴ്ചയോ ഇല്ല. പാർക്കിംഗ് സൗകര്യമില്ലാത്ത കെട്ടിടം സമീപത്തെ വീടുകളിൽ നിന്ന് നിയമാനുസൃതമായ അകലം പാലിക്കാതെ നിർമ്മിച്ചതിനാൽ മഴവെള്ളം തൊട്ടടുത്ത വീടുകളിലേക്കാണ് പതിക്കുന്നത്. കൂടാതെ, വളരെ ചെറുതും ആഴം കുറഞ്ഞതുമായ കക്കൂസ് ടാങ്ക് നിർമ്മിച്ചതിനാൽ കുടിവെള്ളം മലിനമാക്കപ്പെടുമെന്ന ആശങ്കയുമുണ്ട്. ജില്ലാ കളക്ടർ, എ.ഡി.എം എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും ഇപ്പോൾ നഗരസഭ കെട്ടിടത്തിന് നമ്പർ നൽകിയിരിക്കുകയാണ്. ഇതിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് നമ്പർ നൽകിയത് റദ്ദാക്കിയതായി വിജിലൻസിൽ നിന്ന് മറുപടി ലഭിച്ചതായി പ്രദേശവാസികളായ മഞ്ചാൻ നൗഷാദ്, കബീർ, മജീദ് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *