പെൻഷൻ റേഷൻ കടകളിലൂടെ; റേഷൻ വാങ്ങുന്നതിനൊപ്പം ഗ്രാമീണ ബാങ്ക് സേവനങ്ങളും; സാധ്യത പരിശോധിച്ച് പൊതുവിതരണ വകുപ്പ്

കൊച്ചി: റേഷന്‍കടകളില്‍ ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ ഏര്‍പ്പെടുത്താൻ സർക്കാരിന്റെ നീക്കം. നിലവിൽ ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് . ഇങ്ങനെ ബാങ്കിങ് സേവനങ്ങൾ റേഷൻ കടകളിലെത്തിക്കാൻ കഴിഞ്ഞാൽ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ അവസരമൊരുക്കാനാവും. കഴിഞ്ഞ ദിവസം മന്ത്രി അനൂപ് ജേക്കബ് ഈ വിഷയം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു.

വീട്ടിലെത്തിച്ചിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ആലോചനകൾ ഉയരുന്നത്.

നിലവിൽ‌ സഹകരണ ബാങ്കുകൾ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയുമായി രണ്ട് തരത്തിൽ പെൻഷൻ വിതരണം നടക്കുന്നുണ്ട്. ഇതിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും മാറ്റം വന്നിട്ടില്ല. പക്ഷെ വരുംമാസങ്ങളിൽ മാറ്റം വരും എന്നു തന്നെയാണ് കരുതേണ്ടത്.

വീടുകളിൽ പെൻഷൻ വാങ്ങുന്നവർക്കും ഇനിമേൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഇത് തയ്യാറാക്കി വെച്ചാൽ എപ്പോഴാണോ സർക്കാർ ആവശ്യപ്പെടുന്നത് ആ സമയത്ത് തന്നെ ബാങ്ക് അക്കൗണ്ട് നൽകി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും.

മസ്റ്ററിങ് സെപ്തംബർ 30 വരെ

അതെസമയം 2026-27 വർഷത്തെ സാമൂഹ്യക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിങ് നടന്നുകൊണ്ടിരിക്കുകയാണ്. സെപ്തംബർ 30 വരെയാണ് മസ്റ്ററിങ്ങിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുകയാണെങ്കിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇതിനുള്ള അവസാന തീയതിയും സെപ്തംബർ 30 ആണ്. പെൻഷൻ ലഭിക്കുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ നൽകുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ക്ഷേമ ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിങ് ആണ് പരാജയപ്പെടുന്നതെങ്കിൽ അതത് ക്ഷേമനിധി ഓഫീസുകളിലാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *