മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശം നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ

മാനന്തവാടി: 2026 ജൂലൈ 27ലെ പരിസ്ഥിതി ലോല പ്രദേശം (ESA) കരട് വിജ്ഞാപനത്തിൽ മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി വില്ലേജുകൾ ഉൾപ്പെടുത്തിയതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വനമേഖലകൾക്കൊപ്പം ജനവാസ കേന്ദ്രങ്ങളും വീടുകളും കൃഷിയിടങ്ങളും തോട്ടങ്ങളും ആദിവാസി മേഖലകളും പൊതുസ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശങ്ങളാണിവ. അതിനാൽ മുഴുവൻ വില്ലേജുകളെയും ESA പരിധിയിൽ ഉൾപ്പെടുത്താതെ സർവേ നമ്പർ, കാഡസ്ട്രൽ മാപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ അതിർത്തി ശാസ്ത്രീയമായി പുനർനിർണ്ണയിക്കണം.

കർഷകരുടെയും ആദിവാസി സമൂഹങ്ങളുടെയും നിയമപരമായ ഭൂമി, കൃഷി, ഉപജീവനം, വനാവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം. അതേസമയം അനധികൃത ക്വാറി, മണ്ണെടുപ്പ്, വനനശീകരണം, അശാസ്ത്രീയ നിർമാണം തുടങ്ങിയ യഥാർത്ഥ പരിസ്ഥിതി നാശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.

അന്തിമ വിജ്ഞാപനത്തിന് മുമ്പ് ഗ്രാമസഭകളുടെയും ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് ജനവാസ-കാർഷിക മേഖലകളെ ഒഴിവാക്കി ESA അതിർത്തി പുനർനിർണ്ണയിക്കണമെന്നും ഇതിനായി മണ്ഡലത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി സംഘടനകളും ഉണർന്ന് പ്രവർത്തിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി, സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി കെ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ അലി എ കെ, കമ്മിറ്റിയംഗങ്ങളായ ആലി പി, കെ എസ് സകരിയ്യ, വിവിധ പഞ്ചായത്ത് ഭാരവാഹികളായ വി.കെ മുഹമ്മദലി, ശംസുദ്ധീൻ,കരീം കെ, സലാം, നൗഷാദ്, അബു സി കെ, ഷുക്കൂർ,തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *