നൂൽപ്പുഴ : ഗ്രാമപഞ്ചായത്തിലെ മാതമംഗലം, ചിറക്കമ്പം സ്വദേശിയായ ശ്രീ. സൂരജിന് ദേശീയ പുരസ്‌കാരം. കാർഷിക വിളകളുടെ ജനിതക വൈവിധ്യവും അപൂർവമായ വിത്തിനങ്ങളും സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള PPV&FRA നൽകുന്ന ദേശീയ പുരസ്‌കാരമാണ് പ്ലാന്റ് ജീനോം സേവിയർ അവാർഡ്. രാഷ്ട്രപതി സമ്മാനിക്കുന്ന ഈ പുരസ്‌കാരം രാജ്യത്തെ കാർഷിക മേഖലയിൽ ലഭിക്കുന്ന അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്.
വിവിധയിനം പച്ചക്കറികളുടെയും മറ്റു വിളകളുടെയും വിത്തുകൾ ശേഖരിച്ച് സംരക്ഷിക്കുകയും അവയുടെ വൈവിധ്യം നിലനിർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ശ്രീ സൂരജിന് ഈ അംഗീകാരം ലഭിച്ചത്. ഇത് പണത്തേക്കാൾ മൂല്യമുള്ള, വർഷങ്ങളായുള്ള ഈ യുവ കർഷകന്റെ കാർഷിക പ്രവർത്തനങ്ങൾക്കും വിത്തുസംരക്ഷണത്തിനും ലഭിച്ച ദേശീയ അംഗീകാരമാണ്.ശ്രീ. സുരേഷ് നമ്പൂതിരിയുടെയും ശ്രീമതി. ഉഷയുടെയും മകനാണ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കുന്ന ഈ അവാർഡ് വരുന്ന മാസം പന്ത്രണ്ടാം തിയ്യതി ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ശ്രീ സൂരജ് ഏറ്റുവാങ്ങും. നമ്മുടെ പഞ്ചായത്തിന്റെ അഭിമാനമായി മാറിയ സൂരജിന് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.
