കൽപറ്റ:ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂർണമായി തടയുന്നതിന് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ ഫ്ലാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ് അറിയിച്ചു. ഓരോ വാർഡിലും കുറഞ്ഞത് പത്ത് സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി തൂഫാൻ വാരിയേഴ്‌സിനെ കണ്ടെത്തി തൂഫാൻ ബാഡ്ജ് വിതരണം ചെയ്യും. പ്രത്യേക തൂഫാൻ ഗ്രാമസഭകൾ വിളിച്ച് ചേർത്ത് വാർഡ്തല ജനജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജനകീയ ക്യാമ്പയിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു.
